വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്.

ഈ വർഷം ഇതുവരെ 135 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ 68 എണ്ണം റിപ്പോർട്ട് ചെയ്തിട്ടുള്ളത് കോഴിക്കോടാണ്. കഴിഞ്ഞ മാർച്ചിലാണ് കോഴിക്കോട്ട് മൂന്ന് വയസുകാരിയുടെ മരണം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ടാമത് നാല് വയസുകാരി മരിച്ചതും കോഴിക്കോട് ജില്ലയിലാണ്. 59 വയസുള്ള സ്ത്രീയാണ് മൂന്നാമത്തെ കേസ്. മരിച്ചശേഷമാണ് ഇവർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 16, തിരുവനന്തപുരം 14, മലപ്പുറം 13, കൊല്ലം ആലപ്പുഴ ആറു വീതം, തൃശ്ശൂർ നാല്, ഇടുക്കി മൂന്ന്, എറണാകുളം, കണ്ണൂർ രണ്ടു വീതം, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ‘സ്റ്റോപ് ഡയേറിയ’ കാംപെയ്ൻ ജൂൺ ആദ്യവാരം മുതൽ നടത്തിവരുന്നുണ്ട്. ഒ.ആർ.എസ്, സിങ്ക് ഗുളികകൾ, മറ്റു മരുന്നുകൾ എന്നിവ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ ജലസ്രോതസ്സുകളുടെ ക്ലോറിനേഷൻ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും നടത്തുന്നുണ്ട്. വിദ്യാലയങ്ങളിലെയും മറ്റും കിണറുകൾ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ഹോട്ടലുകളിലെ പരിശോധന കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്. ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽത്തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News