‘ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് പ്രണവിനെ കുറിച്ച് അങ്ങനെ പറയുന്നത്, അദ്ദേഹം അതിനപ്പുറമാണ്’: സുരേഷ് കൃഷ്ണൻ
കൊച്ചി:മലയാള സിനിമയിലെ താരപുത്രന്മാരിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന താരമാണ് പ്രണവ് മോഹൻലാൽ. ചെറുപ്പത്തിലേ സിനിമയിൽ എത്തിയതാണെങ്കിലും അഭിനയത്തേക്കാൾ നടൻ പ്രാധാന്യം നൽകുന്നത് യാത്രകൾക്കാണ്. 2002 ൽ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ സിനിമ അരങ്ങേറ്റം. എന്നാൽ ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ നടൻ അഭിനയിച്ചിട്ടുള്ളു. എന്നാൽ താരമൂല്യത്തിന്റെ കാര്യത്തിലും ആരാധകരുടെ എണ്ണത്തിലുമൊക്കെ പ്രണവ് ഏറെ മുന്നിൽ തന്നെയാണ്.
മോഹൻലാലിൻറെ മകനാണെങ്കിലും അതിന്റെതായ താരപരിവേഷം ഒന്നും കാണിക്കാതെ സാധാരണക്കാരനെ പോലെ നടക്കുന്ന ആളായിട്ടാണ് പ്രണവ് അറിയപ്പെടുന്നത്. അതുകൊണ്ട് മാത്രം താരത്തിന് നിരവധി ആരാധകരെ ലഭിച്ചിട്ടുണ്ട്. കേവലം രണ്ടു ജീൻസും മൂന്ന് ടി ഷർട്ടും മാത്രമായി നടക്കുന്ന ആളാണ് പ്രണവെന്ന് അടുത്ത സുഹൃത്തുക്കളായ വിനീത് ശ്രീനിവാസൻ ഉൾപ്പടെ പറഞ്ഞിട്ടുണ്ട്.
അങ്ങനെ തീർത്തും സിമ്പിളായി ജീവിതം നയിക്കുന്ന ആളാണ് പ്രണവെന്നാണ് പൊതുവിൽ പറയപ്പെടുന്നത്. എന്നാൽ അത് മോഹൻലാലിനെ അറിയാത്ത കൊണ്ടാണെന്ന് പറയുകയാണ് സംവിധായകൻ സുരേഷ് കൃഷ്ണൻ. മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായും എത്തിയിരുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം പ്രണവിനെയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞത്. വിശദമായി വായിക്കാം.
‘എല്ലാവരും പറയും പ്രണവിന് ശാന്ത സ്വഭാവമാണ്. ഒരു പായ വിരിച്ചു കൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. ഇതൊക്കെ ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്. ലാലേട്ടൻ ഇതിന്റെ അപ്പുറമാണ്. ഒരു വൃത്തികെട്ട ഭക്ഷണം കഴിക്കാൻ കൊടുത്താൽ, ഞാനൊക്കെ ആണെങ്കിൽ ഇത് കൊള്ളില്ലെന്ന് തന്നെ പറയും. ലാലേട്ടൻ കുറച്ചു കൂടെ ഇടുമോ എന്നാണ് ചോദിക്കുക. ആ ഭക്ഷണം കാണുമ്പോൾ നമ്മുക്ക് തന്നെ ദേഷ്യം വരും,’
‘പണ്ട് കാരവൻ ഒന്നുമില്ലാത്ത സമയത്ത് ലാലേട്ടൻ പായ വിരിച്ച് തറയിലൊക്കെയാണ് കിടന്നിരുന്നത്. കാരവൻ ഉള്ള സമയത്തും അങ്ങനെയൊക്കെ തന്നെയാണ്. പുലി മുരുകൻ ഷൂട്ടിന്റെ സമയത്ത് ആ തറയിലാണ് ലാലേട്ടൻ കിടന്നത്. അതുപോലെ അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന ചിത്രം ചെയ്യുമ്പോൾ ചൂടത് മരുഭൂമിയിൽ ചെറിയ പായ വലിച്ചു കെട്ടിയിട്ടുണ്ട്. അതിന്റെ അടിയിൽ ഒക്കെ പോയിരിക്കും. അങ്ങനെ ലാലേട്ടനെ അറിയാത്ത കൊണ്ടാണ് അപ്പു ഇത്ര സിമ്പിൾ ആണെന്ന് പറയുന്നത്,’
‘ലാലേട്ടൻ സത്യത്തിൽ അതിനേക്കാൾ സിംപിൾ ആണ്. അപ്പോൾ ആ അച്ഛനുണ്ടായ മകൻ അങ്ങനെയല്ലേ ഇരിക്കൂ’ എന്നാണ് സംവിധായകൻ സുരേഷ് കൃഷ്‌ണൻ പറയുന്നത്. അതേസമയം, അച്ഛനെ പോലെ സിനിമയിൽ അത്ര കമ്പമുള്ള ആളല്ല പ്രണവ്. മോഹൻലാൽ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യാത്രകളും പുസ്തകങ്ങളും ഒക്കെയാണ് അവന് കൂടുതൽ താല്പര്യമെന്നാണ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്.
അതേസമയം, താൻ പണ്ട് ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് അവൻ ഇപ്പോൾ ചെയ്യുന്നതെന്നും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. അന്ന് തനിക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അവനിപ്പോൾ അതിന് കഴിയുന്ന സാഹചര്യമാണ്. അതുകൊണ്ട് അവൻ അതിലേക്ക് പോകുമ്പോൾ തനിക്ക് തടയാൻ കഴിയില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
അടുത്തിടെയാണ് ഒരു വലിയ ആത്മീയ യാത്ര കഴിഞ്ഞ് പ്രണവ് തിരിച്ചെത്തിയത്. പുതിയ സിനിമകളുടെ കഥകൾ താരം കേട്ടു തുടങ്ങിയെന്നാണ് അടുത്ത സുഹൃത്തായ നിർമ്മാതാവ് വിശാഖ് അടുത്തിടെ പറഞ്ഞത്. ഈ വർഷം അവസാനത്തോടെ പുതിയ ചിത്രമുണ്ടാകും എന്നാണ് വിവരം. അതേസമയം, പ്രണവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെ കരിയർ ബെസ്റ്റ് പ്രകടനമായാണ് ചിത്രത്തെ പ്രേക്ഷകർ വിലയിരുത്തിയത്.