‘നിനക്ക് നോമ്പില്ലേ, മാമാന്റെ പേര് കളഞ്ഞു, മമ്മൂക്കയ്ക്ക് നോമ്പും നിസ്കാരവുമുണ്ടല്ലോ?വിഷുസദ്യയുണ്ട മരുമകന് വിമർശനം
കൊച്ചി:ഇന്ത്യൻ സിനിമയിലെ പത്ത് അതുല്യ പ്രതിഭകളുടെ ലിസ്റ്റെടുത്താൽ അതിൽ തുടക്കത്തിൽ തന്നെ പറയുന്ന പേരാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. അന്നും ഇന്നും മമ്മൂട്ടി ജീവവായു സിനിമ തന്നെയാണ്. ബൈക്കിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റപ്പോൾ തന്റെ കഥാപാത്രം നഷ്ടപ്പെട്ട് പോകുമോയെന്ന് കരുതി വാവിട്ട് കരഞ്ഞ മമ്മൂട്ടിയെ കുറിച്ച് മുകേഷ് പറഞ്ഞിട്ടുണ്ട്.
എഴുപതിൽ എത്തി നിൽക്കുമ്പോഴും മമ്മൂട്ടിയോളം ഡെഡിക്കേഷനോടെ സിനിമ ചെയ്യുന്നവർ കുറവാണ്. വാപ്പിച്ചിയുടെ പേര് കളയരുത് എന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് ആദ്യമൊക്കെ അഭിനയത്തിലേക്ക് വരാൻ മടി കാണിച്ചതെന്ന് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ വരെ പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുടെ സഹോദരങ്ങളും അവരുടെ മക്കളുമെല്ലാമായി നിരവധി പേർ സിനിമയിൽ സജീവമാണ്. മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ പ്രതിഭ എന്ന പേരിലും താരവുമായുള്ള മുഖ സാദൃശ്യത്തിന്റെ പേരിലും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു അദ്ദേഹത്തിന്റെ പെങ്ങളുടെ മകന്‍ അഷ്‌കർ സൗദാൻ.
കൂട്ട്, തസ്കരവീരൻ, ഇവർ വിവാഹിതരായാൽ, ഹാപ്പി ദർബാർ, കൊലമാസ്, വള്ളിക്കെട്ട്, മേരേ പ്യാർ ദേശ്‌വാസിയോം തുടങ്ങി ഏതാനും ചിത്രങ്ങളിൽ അസ്കർ സൗദാൻ അഭിനയിച്ചിട്ടുണ്ട്. ഡിഎൻഎയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഫോറൻസിക് ബയോളജിക്കൽ ത്രില്ലർ രീതിയിൽ ഒരുങ്ങുന്ന ഡിഎൻഎയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ചിത്രത്തിൽ അസ്കർ സൗദാൻ നായകനാകുമ്പോൾ അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, രവീന്ദ്രൻ, സെന്തിൽരാജ്, പത്മരാജ് രതീഷ്, ഇടവേള ബാബു, സുധീർ തുടങ്ങി നിരവധി താരങ്ങളും സുപ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മാമാന്റെ ഛായയുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. അതൊരു പക്ഷെ പാരമ്പര്യമായി കിട്ടിയതാവാം.
നമ്മുടെ നാട്ടില്‍ പലര്‍ക്കും അങ്ങനെ മാമാമാരുടെ മുഖ സാദൃശ്യം കിട്ടിയിട്ടുണ്ടാവും. ഒരു പക്ഷെ മാമാക്ക് കിട്ടിയത് മാമായുടെ അമ്മാവന്റെ മുഖഛായയാവാം. അങ്ങനെ കൈമാറി വരുന്ന ലുക്ക് ആവും ഇതെന്നാണ് മമ്മൂട്ടിയുമായുള്ള മുഖസാദൃശ്യത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അഷ്‌കര്‍ പറഞ്ഞത്.
സോഷ്യൽമീഡിയ വന്നതോടെ എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ വൈറലാകുകയും ചിലപ്പോൾ സെലിബ്രിറ്റികൾ അടക്കം വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്യും. അത്തരത്തിൽ വിഷുവിന് സദ്യ കഴിച്ചതിന്റെ പേരിൽ വിമർശനം നേരിടുകയാണ് മമ്മൂട്ടിയുടെ മരുമകൻ അഷ്‌കർ സൗദാൻ ഡിഎൻഎ എന്ന സ്വന്തം സിനിമയുടെ ലൊക്കേഷനിലാണ് ഇത്തവണ അഷ്കർ വിഷു ആഘോഷിച്ചത്.
സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ഇരുന്ന് അഷ്കർ സദ്യ കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് നെഗറ്റീവ് കമന്റുകൾ കുമിഞ്ഞ് കൂടാൻ തുടങ്ങിയത്. നോമ്പുകാലത്ത് നോമ്പെടുക്കാതെ വിഷു സദ്യ അഷ്കർ കഴിച്ചുവെന്നതിന്റെ പേരിലാണ് വിമർശനം.
മമ്മൂട്ടിയെ അടക്കം വലിച്ചിഴച്ച് കമന്റിൽ കൊണ്ടുവന്ന് വളരെ തരംതാണ രീതിയിലാണ് ഒരു വിഭാഗം ആളുകൾ അഷ്കറിനെ വിമർശിച്ചിരിക്കുന്നത്. നിനക്ക് നോമ്പില്ലേ….? മാമാന്റെ പേര് കളഞ്ഞു. അദ്ദേഹത്തിന് നോമ്പും നിസ്കാരവുമുണ്ടല്ലോ?, നോമ്പ് കള്ളൻ, പുണ്യമാസത്തെ എങ്കിലും ബഹുമാനിച്ചൂടോ? എന്നെല്ലാമാണ് ആളുകൾ കമന്റിലൂടെ അഷ്കറിനെ വിമർശിച്ച് ചോദിച്ചത്. താരം ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കൃത്യമായി കാര്യം അറിയാതെ ഒരു വീഡിയോ കണ്ടതിന്റെ പേരിൽ താരത്തേയും അദ്ദേഹത്തിന്റെ രീതികളേയും വിമർശിക്കുന്നത് ശരിയല്ലെന്നാണ് മോശം കമന്റുകളിൽ പ്രതിഷേധിച്ച് റിയാക്ഷൻ വീഡിയോകൾ ചെയ്ത് ശ്രദ്ധേയനായ യുട്യൂബർ സീക്രട്ട് ഏജന്റ് പറഞ്ഞത്. മറ്റൊരു മനുഷ്യനെ വലിയ ചീത്ത വാക്കുകൾ വിളിച്ച ശേഷം നോമ്പെടുത്താൽ അതിൽ എന്ത് മാഹാത്മ്യമാണുള്ളതെന്നും യുട്യൂബർ ചോദിച്ചു.