ആലപ്പുഴ: കൊലപാതകശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എ.എസ്.ഐ.ക്ക് സസ്പെൻഷൻ. ആലപ്പുഴ എ.ആർ. ക്യാമ്പിലെ ശ്രീനിവാസനെയാണ് എസ്.പി.ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഡു ചെയ്തത്.
11 വർഷം മുൻപ് നഗരത്തിൽ നടന്ന കൊലപാതകശ്രമത്തിൽ ഹൈക്കോടതിയിൽനിന്നു ജാമ്യംനേടിയ മൂന്നാംപ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും (41) സുഹൃത്തുക്കൾക്കുമൊപ്പമാണ് എ.എസ്.ഐ. വിനോദയാത്ര നടത്തിയത്.
കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ആലപ്പുഴയിലെ ഒരുവീട്ടിലും ജില്ലയ്ക്കു പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രത്തിലും ആട്ടവും പാട്ടുമായി സംഘം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വധശ്രമക്കേസിൽ ജില്ലാ സെഷൻസ് കോടതി പതിനൊന്നരവർഷം ശിക്ഷിച്ച ഉണ്ണിയുൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു ആഘോഷം.
സംഭവത്തിൽ എ.എസ്.ഐ.യുടെ മൊഴിയെടുത്തിരുന്നു. ആവർത്തിക്കരുതെന്ന മുന്നറിപ്പുനൽകി വിട്ടശേഷമാണ് ആഘോഷത്തിന്റെ വീഡിയോ പരന്നത്. ഇതോടെയാണ് സസ്പെൻഡു ചെയ്തത്.