തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരി നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി തിരികെ ട്രെയിനില്‍ കയറി യാത്രതുടര്‍ന്നതായി വിവരം. പെണ്‍കുട്ടി കഴിഞ്ഞദിവസം നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ട്രെയിനില്‍നിന്നിറങ്ങിയ പെണ്‍കുട്ടി സ്റ്റേഷനില്‍നിന്ന് കുപ്പിയില്‍ വെള്ളം നിറച്ചശേഷം അതേ ട്രെയിനില്‍ തന്നെ കയറി യാത്രതുടരുകയായിരുന്നു.
പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേരള പോലീസിന് പുറമേ തമിഴ്‌നാട് പോലീസും റെയില്‍വേ പോലീസും ആര്‍.പി.എഫും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ബുധനാഴ്ച രാവിലെ മുതല്‍ കന്യാകുമാരി മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെ കഴക്കൂട്ടം പോലീസില്‍ അറിയിച്ചു.
രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. സംഭവം അറിഞ്ഞയുടന്‍തന്നെ കഴക്കൂട്ടം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. സി.സി.ടി.വി.യും മറ്റും പരിശോധിച്ചാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്കറിയൂവെന്ന് മാതാപിതാക്കള്‍ പറയുന്നു.
അതിനിടെ, കുട്ടി ചെന്നൈയില്‍ ജോലിചെയ്യുന്ന മൂത്ത സഹോദരന്റെ അടുത്തേക്ക് പോയിരിക്കാമെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍, താന്‍ ഇപ്പോള്‍ ബെംഗളൂരുവിലാണെന്നും കുട്ടി തന്റെ അടുത്തേക്ക് വന്നിട്ടില്ലെന്നും സഹോദരനായ വാഹിദ് ഹുസൈന്‍ പറഞ്ഞു. കുട്ടി തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് ട്രെയിനിലെ യാത്രക്കാരി കുട്ടിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കാണാതായ തസ്മീന്‍ തന്നെയാണെന്ന് കുടുംബവും പോലീസും സ്ഥിരീകരിച്ചു. ഇതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.