മുംബൈ:വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന സീരിയല്‍ നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ബലാത്സംഗത്തിനിരയാക്കി എന്നു പറഞ്ഞാണ് മുംബൈ സ്വദേശിനിയായ സീരിയല്‍ താരത്തിന്റെ പരാതി പൊലീസിന് ലഭിച്ചത്. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നാണ് പരാതിക്കാരിയുടെ മൊഴി. പരസ്പരം പരിചയപ്പെട്ടതോടെ ഫോണ്‍വിളികളും സോഷ്യല്‍ മീഡിയ ചാറ്റുകളും പതിവായി. പിന്നീട് ഇയാള്‍ യുവതിയെ വിളിച്ച് നേരില്‍ കാണണമെന്ന് ആഗ്രഹം അറിയിച്ചു. ഇതേ തുടര്‍ന്ന് യുവതി ഇയാളെ മുംബൈയിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി.
തന്റെ കൈയില്‍നിന്ന് പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും യുവാവ് കൈക്കലാക്കിയതായി നടി പറയുന്നു. എന്നാല്‍ എത്രയും വേഗം വിവാഹം നടത്താമെന്നും, ബന്ധുക്കളുമായി എത്താമെന്ന് പറഞ്ഞു യുവാവ് അവിടെ നിന്നു പോകുകയായിരുന്നു. അതിനുശേഷം സീരിയല്‍ നടിയുടെ ഫോണ്‍ കോളുകള്‍ എടുക്കാതെയായി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെതിരെ ലൈംഗിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഹിന്ദി സീരിയലുകളിലെ വളരെക്കളമായി പ്രവർത്തിക്കുകയും ഏറെ അറിയപ്പെടുകയും ചെയ്ത താരമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമാണ്. വിദേശത്ത് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് സീരിയല്‍ നടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്ത്യയിലും വലിയ ബിസിനസുകള്‍ തനിക്ക് ഉണ്ടെന്നും, മാതാപിതാക്കള്‍ വിദേശത്താണെന്നും യുവതിയോട് ഇയാള്‍ കള്ളം പറഞ്ഞിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് യുവാവ് സീരിയല്‍ നടിയുടെ വീട്ടില്‍ എത്തിയത്.