KeralaNews

രാജ്യത്തിന് വഴികാട്ടി കേരളം,സ്‌കൂൾ വിദ്യാഭ്യാസ മികവിനുള്ള സാങ്കേതികവിദ്യയില്‍ കേരള മാതൃക പ്രത്യേകം പരാമർശിച്ച് യുനെസ്‌കോ റിപ്പോർട്ട്

തിരുവനന്തപുരം: സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ മികവിന് അന്താരാഷ്ട്ര നേട്ടം. യുനെസ്കോ പുറത്തിറക്കിയ ആഗോള വിദ്യാഭ്യാസ നിരീക്ഷണ റിപ്പോർട്ടിലാണ് കേരളത്തെക്കുറിച്ച് പരാമർശം. സംസ്ഥാനത്തു നടപ്പാക്കിയ സ്കൂൾ വിക്കി, സ്വതന്ത്ര സോഫ്‌റ്റ്‌വേർ നയം, ഡിജിറ്റൽ വിഭജനത്തിലെ അന്തരം കുറയ്ക്കൽ എന്നിവയെക്കുറിച്ചാണ് പരാമർശം.

മാറിയകാലത്ത് വിദ്യാഭ്യാസ മികവിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സാങ്കേതികവിദ്യ എത്രമാത്രം പ്രയോജനപ്പെടുത്തുന്നെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ചാണ് പരാമർശം.

ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ലോകത്തെ നാലാം വെബ്‌സൈറ്റാണ് വിക്കിപീഡിയ. വിക്കി സോഫ്‌റ്റ്‌വേർ സ്കൂളുകളിലും ഉപയോഗിക്കപ്പെടുന്നു. അതിന് ഉദാഹരണമാണ് കേരളം. കൂട്ടായ ഉള്ളടക്കനിർമിതിക്കായി 15,000 സ്കൂളുകളെ ബന്ധിപ്പിച്ചിട്ടുള്ളതാണ് സ്കൂൾ വിക്കി. -ഇതാണ് റിപ്പോർട്ടിലെ ആദ്യ പരാമർശം.

സ്വതന്ത്ര സോഫ്‌റ്റ്‌വേർ സേവനത്തിന് മുന്നിൽനിൽക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള വിവരണത്തിലാണ് രണ്ടാം പരാമർശം. കേരളത്തിലെ സ്വതന്ത്ര സോഫ്‌റ്റ്‌വേർ നയമനുസരിച്ച് സ്കൂളുകളിൽ ഉപയോഗിക്കുന്ന 20 ലക്ഷത്തിലേറെ കംപ്യൂട്ടറുകളിൽ ഏറ്റവും നൂതനമായ സ്വതന്ത്ര സോഫ്‌റ്റ്‌വേർ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിൽ ഇന്റർനെറ്റ് ശൃംഖലയിൽ വലിയതോതിൽ നഗര-ഗ്രാമ അന്തരം നിലനിൽക്കുന്നു. എന്നാൽ, ഇന്റർനെറ്റ് ശൃംഖലയിൽ 90-100 ശതമാനം കൈവരിക്കാൻ കേരളത്തിനു സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

സാങ്കേതികവിദ്യയെ വിദ്യാഭ്യാസത്തിൽ ഉൾച്ചേർക്കുന്നതിൽ കേരളത്തിന് ലഭിച്ച അംഗീകാരമാണ് റിപ്പോർട്ടിലെ പരാമർശമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ ലോകത്തിന്റെ നെറുകയിലേക്ക് കേരളത്തെ ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker