സോളാർ പീഡനക്കേസ്: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് അടക്കം ഗൂഢാലോചന നടത്തി,ഗുരുതര കണ്ടെത്തലുമായി സി.ബി.ഐ
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്. കെ.ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്.
പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെവിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാള്‍ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസ് സിബിഐക്ക് വിടുക എന്നതായിരുന്നു ലക്ഷ്യം. ക്ലിഫ്ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.
കേസില്‍സാക്ഷി പറയണമെന്ന് പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മൊഴി നല്‍കിയപ്പോള്‍ ഇക്കാര്യം പി.സി ജോര്‍ജ് നിഷേധിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് സിബിഐ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ഏതാനുംമാസം മുമ്പാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.