‘അതിനെ ഇങ്ങ് പാലായ്ക്ക് കൊണ്ടുപോര്’; റോബോട്ടിന് ഷേക്ക് ഹാൻഡും ഹൈ ഫൈയും നൽകി റിമി
കൊച്ചി:അവതാരകയായും ഗായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് റിമി ടോമി. റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ള റിമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ യുട്യൂബ് ചാനലില്‍ യാത്രാ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ഫിന്‍ലന്‍ഡ് യാത്രയെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ദുബായില്‍ നിന്നുള്ള യാത്രാ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് റിമി.
ഒരു റോബോട്ടിനൊപ്പമുള്ള റിമിയുടെ വീഡിയോയാണ് ഇതില്‍ ഏറ്റവും കൂടതല്‍ ചര്‍ച്ചയായത്. റോബോട്ടിനെ പരിചയപ്പെടുത്ത റിമി ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതും ഹൈ ഫൈ നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതിനൊപ്പം എല്ലാവര്‍ക്കും വെള്ളം എത്തിച്ചുകൊടുക്കുന്ന റോബോട്ടിനേയും റിമി വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.
ഇതിന് താഴെ നിരവധി പേരാണ് രസകരമായ കമന്റ് ചെയ്തിരിക്കുന്നത്. ‘ലെ റോബോട്ട്: എന്തിന്റെ കുട്ടി ആണ് ഇപ്പോ വന്നിട്ടു പോയെ’, ‘പാലായ്ക്ക് കൊണ്ടുപോര്’, ‘കുട്ടിക്കളി മാറിയിട്ടില്ല’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
ഇത് കൂടാതെ ദുബായിലെ പ്രശസ്തമായ ഹില്‍സ് മാളില്‍ നിന്നും ദുബായ് ക്രീക്കിലെ അല്‍ സീഫ് വില്ലേജ് നിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.