റാപ്പർ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിൽ

പാരീസ്: ലോകപ്രശസ്ത റാപ്പ് ​ഗായകൻ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിലായി. വെള്ളിയാഴ്ചയാണ് സംഭവം. പാരീസിലെ ആഡംബര ഹോട്ടലായ ജോർജസ് വിയിൽ വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥനുമായി വഴക്കിട്ടതാണ് അറസ്റ്റിന് കാരണം. പാരീസ് ഒളിമ്പിക്സിനെത്തിയതായിരുന്നു സ്കോട്ട്.

പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ​ഗായകന്റെ അറസ്റ്റിനേക്കുറിച്ചും അതിനിടയാക്കിയ കാരണത്തേക്കുറിച്ചും അറിയിച്ചത്. സ്വന്തം സുരക്ഷാ ഉദ്യോ​ഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ​ഗായകൻ. ഈ പ്രശ്നം പരിഹരിക്കാൻ ഹോട്ടലിലെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ ശ്രമിക്കുന്നതിനിടെ ഇയാളോടും ട്രവിസ് സ്കോട്ട് മോശമായി പെരുമാറി. ഇതാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

പാരീസ് ഒളിമ്പിക്സിൽ വ്യാഴാഴ്ച രാത്രി നടന്ന അമേരിക്ക-സെർബിയ പുരുഷ ബാസ്കറ്റ് ബോൾ സെമി ഫൈനൽ മത്സരത്തിൽ ട്രവിസ് പങ്കെടുത്തിരുന്നു. അമേരിക്കയായിരുന്നു മത്സരത്തിൽ വിജയിച്ചത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് ട്രവിസ് സ്കോട്ട് അറസ്റ്റിലാവുന്നത്. ഇക്കഴിഞ്ഞ ജൂണിൽ മദ്യപിച്ച് ലക്കുകെട്ട് ചാർട്ടർ ബോട്ടിൽ അതിക്രമിച്ചുകയറി യാത്രക്കാർക്ക് ശല്യമുണ്ടാക്കിയതിന് മിയാമി ബീച്ച് മറീനയിൽവെച്ച് ട്രവിസ് അറസ്റ്റിലായിരുന്നു. 650 ഡോളർ പിഴയൊടുക്കിയ ശേഷമാണ് ഇദ്ദേഹത്തെ പിന്നീട് പുറത്തുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News