ആലപ്പുഴ ജില്ലാ കലക്ടർ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ചയാണ് വിവാഹമെന്നാണ് വിവരം. എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീലെത്തുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്.
2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ചു. 2019ൽ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
2014ലാണ് രേണു രാജ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ച രേണു ഇപ്പോൾ ആലപ്പുഴ ജില്ലാ കലക്ടറാണ്. ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേർപിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.