ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രക്താർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നിന് പകരം മാരകമായ ‘ഫോർമാലിൻ’ രാസവസ്തു കുത്തിവെച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. മനുഷ്യകോശങ്ങളും മൃതദേഹങ്ങളും അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അതീവ വീര്യമുള്ള രാസവസ്തുവാണ് ഫോർമാലിൻ. സംഭവത്തിൽ എയിംസ് അധികൃതർ രണ്ട് നഴ്‌സിങ് ഓഫീസർമാരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യുകയും പോലീസ് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സഗർ ജില്ലയിലെ ബീനാ തഹസിലിലുള്ള കൗർജ ഗ്രാമവാസിയായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവ് എന്ന മൂന്ന് വയസ്സുകാരനാണ് ആശുപത്രി ജീവനക്കാരുടെ ക്രൂരമായ അനാസ്ഥയെ തുടർന്ന് ദാരുണമായി മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ മുൻപ് പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. രക്താർബുദം ബാധിച്ച് വൻതോതിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടി ഡോക്ടർമാരുടെ നിരന്തരമായ മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ഓഫീസർ കൃത്യമായി പരിശോധിക്കാതെ സിറിഞ്ചിലുണ്ടായിരുന്ന ഫോർമാലിൻ ദ്രാവകം കുട്ടിയുടെ ഐവി (IV) ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു.
താൻ നഴ്‌സിനെ തടയാൻ ശ്രമിച്ചെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് കണ്ണീരോടെ പറഞ്ഞു. കുത്തിവയ്പ്പെടുത്ത ഉടൻ തന്നെ കുഞ്ഞിന്റെ നില വഷളാവുകയും ബോധരഹിതനാവുകയും ചെയ്തു. കുട്ടിയെ ഉടൻ തന്നെ പിഐസിയുവിലേക്ക് (PICU) മാറ്റി ഡോക്ടർമാർ സിപിആർ (CPR) ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ മാർഗ്ഗങ്ങൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കുഴഞ്ഞുവീണതിന് പിന്നാലെ തങ്ങളുടെ പിഴവ് മറച്ചുവെക്കാൻ ഐവി ബോട്ടിൽ വേഗത്തിൽ മാറ്റിക്കളയാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായും കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.
തുടർന്ന് എയിംസ് ഡയറക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് കുടുംബത്തിന്റെ ആരോപണം പൂർണ്ണമായും ശരിയാണെന്ന് കണ്ടെത്തിയത്. സാർദ്ധക്കിന്റെ മരണത്തിന് കാരണം ഐവി ലൈനിലൂടെ ഫോർമാലിൻ നേരിട്ട് രക്തത്തിൽ കലർന്നതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. കുട്ടിയുടെ ബയോപ്സി സാംപിളിനായി എടുത്തുവെച്ചിരുന്ന ഫോർമാലിൻ ദ്രാവകം മറ്റൊരു സിറിഞ്ചിലാക്കി വാർഡിൽ അതീവ അശ്രദ്ധമായി തുറന്ന നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
നഴ്‌സിങ് ഓഫീസറായ മധുബാല ശർമയാണ് ഈ മാരക രാസവസ്തു എടുത്ത് പരിശോധന കൂടാതെ കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചത്. മറ്റൊരു നഴ്‌സിങ് ഓഫീസറായ അനുക എന്ന ജീവനക്കാരി ഫോർമാലിൻ അടങ്ങിയ സിറിഞ്ച് സുരക്ഷിതമായ സ്ഥലത്ത് മാറ്റിവെക്കുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. എയിംസ് അധികൃതർ രണ്ടുപേരെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ആശുപത്രി നൽകിയ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭോപ്പാൽ പോലീസ് നഴ്‌സുമാർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary
In a shocking turn of events at AIIMS Bhopal, an internal inquiry confirmed that a three-year-old blood cancer patient, Sarthak Yadav, died after a nursing officer mistakenly injected formalin into his IV line instead of medicine. Formalin is a chemical used to preserve biological tissues and corpses. Sarthak was admitted to the pediatric ward, and the fatal error occurred when Nursing Officer Madhubala Sharma injected the chemical without verifying it, while another nurse, Anuka, failed to store the syringe safely. AIIMS authorities have suspended both nursing officers, and the police have registered a criminal case based on the investigation report.

