കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിതാവ് പൂര്‍ണ്ണമായും നിരപരാധിയാണെന്ന് വെളിപ്പെടുത്തി അതിജീവിതയായ പതിനാറുകാരി. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ സ്‌നേഹ മെര്‍ലിന്‍ എന്ന യുവതി ആസൂത്രണം ചെയ്ത കള്ളക്കേസാണിതെന്നും, തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ചതാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (CWC) സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പുതിയ മൊഴി.
കേസില്‍ തന്നെ പീഡിപ്പിച്ചത് പിതാവല്ല, സ്‌നേഹ മെര്‍ലിന്‍ ആണെന്ന നിര്‍ണായക വെളിപ്പെടുത്തലും പെണ്‍കുട്ടി നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര മാസത്തെ കൗണ്‍സിലിംഗിന് ശേഷം മാനസികമായി സ്വതന്ത്രയായപ്പോഴാണ് അതിജീവിത ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ തുറന്നുപറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹ മര്‍ലിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ലഹരിക്കേസില്‍ അകപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അതിജീവിതയുടെ അമ്മയുമായുള്ള പരിചയമാണ് സ്‌നേഹ മെര്‍ലിനെ ഈ കുടുംബത്തിലേക്ക് എത്തിക്കുന്നത്. മാതാവ് ലഹരി കേസില്‍ അകപ്പെട്ടതിന് പിന്നിലും മറ്റൊരു ചതിയുടെ കഥയുണ്ട്. സഹോദരനോടൊപ്പം മൈസൂറില്‍ വിനോദയാത്രയ്ക്ക് പോയി തിരിച്ചു വരുന്ന വഴിയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടുന്നത്.
ആ സമയത്ത് സഹോദരന്റെ ഭാര്യയും, സഹോദരിയും (അതിജീവിതയുടെ മാതാവ്), ഒരു കുട്ടിയും, കൂടാതെ സഹോദരന്റെ സുഹൃത്തായ മറ്റൊരു വ്യക്തിയുമാണ് കാറിലുണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന സഹോദരന്റെ സുഹൃത്തിന്റേതായിരുന്നു മയക്കുമരുന്ന്. എന്നാല്‍ ഈ വിവരം സഹോദരന് കൃത്യമായി അറിയമായിരുന്നു. പക്ഷേ പിടിക്കപ്പെട്ടപ്പോള്‍ എല്ലാവരും പ്രതികളായി മാറി.
കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയൊഴികെ കാറിലുണ്ടായിരുന്ന എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ അകപ്പെട്ട് അതിജീവിതയുടെ മാതാവ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന സമയത്താണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്‌നേഹ മെര്‍ലിന്‍ തന്ത്രപൂര്‍വ്വം ജയിലില്‍ വെച്ച് ഇവരെ പാട്ടിലാക്കുന്നത്. താനൊരു കള്ളക്കേസില്‍ പെട്ട് അകത്ത് വന്നതാണെന്ന് വിശ്വസിപ്പിച്ച മെര്‍ലിന്‍, മാതാവ് വഴി ഈ കുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്തു.
തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മെര്‍ലിന്‍ ഇവരോടൊപ്പം കൂടുകയായിരുന്നു. ജാമ്യവ്യവസ്ഥകളുടെ ഭാഗമായി ജില്ല വിട്ടു നില്‍ക്കണമെന്ന വ്യാജേന ഇവര്‍ കാസര്‍കോട്ടെ ഈ വീട്ടില്‍ താമസം ഉറപ്പിച്ചു. അവിടെ താമസം ആരംഭിച്ചതിന് ശേഷമാണ്, കുട്ടികളില്‍ നിന്ന് സവര്‍ഗ അനുരാഗം കണ്ടെത്തുന്നതിനായി മെര്‍ലിന്‍ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ തുടങ്ങിയത്. ഈ മയക്കുമരുന്ന് കേസ് സംഭവിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു. വിവരമറിഞ്ഞാണ് ഇദ്ദേഹം നാട്ടിലെത്തുന്നത്.
വീട്ടിലെ മൂന്ന് പെണ്‍കുട്ടികളില്‍ മൂത്ത രണ്ടുപേര്‍ക്കും സ്‌നേഹ മെര്‍ലിന്‍ രഹസ്യമായി മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നു. കുട്ടികളെ പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തിലാക്കിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും സ്‌നേഹ മെര്‍ലിനെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു.
ഇതിലുള്ള വൈരാഗ്യത്താല്‍ പിതാവിനെ ഭയപ്പെടുത്തി ഫോണ്‍ തിരികെ വാങ്ങാനായി മൂത്ത കുട്ടിയെക്കൊണ്ട് എലിവിഷം കഴിപ്പിച്ച് ആത്മഹത്യാ നാടകം കളിപ്പിക്കാന്‍ സ്‌നേഹ മെര്‍ലിന്‍ പ്രേരിപ്പിച്ചു. ചട്ടഞ്ചാലിലെ ‘കേറി ഫ്രഷ്’ കടയില്‍ നിന്നും വിഷം വാങ്ങി നല്‍കിയതും സ്‌നേഹയായിരുന്നു. തുടര്‍ന്ന് കുട്ടി രണ്ടുദിവസത്തോളം ഐ.സി.യു വില്‍ കഴിയേണ്ടി വന്നെങ്കിലും, ഇതെല്ലാം സ്‌നേഹയുടെ തിരക്കഥയുടെ ഭാഗമാണെന്ന് പിതാവ് അറിഞ്ഞിരുന്നില്ല.
തുടര്‍ന്ന് രണ്ടാമത്തെ പെണ്‍കുട്ടിയെ (അതിജീവിത) പൂര്‍ണ്ണമായും സ്വാധീനിച്ച യുവതി, കുട്ടിയെ സ്‌കൂളില്‍ പോകുന്ന വഴിയിലും നേരിട്ടും കണ്ട്, തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ട പിതാവിനെതിരെ കള്ളപ്പരാതി നല്‍കാന്‍ പദ്ധതി തയ്യാറാക്കി. സ്‌കൂളിലെ ഒരു അധ്യാപിക വഴി കുട്ടി പീഡിപ്പിക്കപ്പെടുന്നു എന്ന വിവരം കൈമാറിയാണ് മെര്‍ലിന്‍ തന്റെ പ്ലാന്‍ നടപ്പിലാക്കിയത്. സ്‌കൂളില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയ പെണ്‍കുട്ടിയെക്കൊണ്ട് പിതാവിനെതിരെ വ്യാജ പരാതി ഉന്നയിപ്പിച്ചു.
സ്‌കൂള്‍ അടയ്ക്കുന്നതിന്റെ തലേദിവസം അരങ്ങേറിയ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍, മാര്‍ച്ച് 30-നാണ് മേല്‍പ്പറമ്പ് പോലീസ് അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മകളെ ആരോ സ്വാധീനിച്ച് പറയിപ്പിച്ചതാണെന്നും പിതാവ് തുടക്കം മുതല്‍ പോലീസിനോട് പറഞ്ഞിരുന്നെങ്കിലും അധികൃതര്‍ അത് വിശ്വാസത്തിലെടുത്തില്ല. പരാതി നല്‍കുന്ന ദിവസവും, പിതാവിനെ അറസ്റ്റ് ചെയ്ത പോലീസ് സ്റ്റേഷന്‍ പരിസരത്തും സ്‌നേഹ മെര്‍ലിന്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ചുറ്റിപ്പറ്റി നിന്നിരുന്നു. ഇതോടെയാണ് ഈ വ്യാജ പരാതിക്ക് പിന്നില്‍ മെര്‍ലിന്‍ ആണെന്ന് കുടുംബത്തിന് സംശയം ഉടലെടുത്തത്.
തന്റെ കുടുംബത്തെ സ്‌നേഹ മെര്‍ലിന്‍ ചൂഷണം ചെയ്യുന്നതായും കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കി വഴിതെറ്റിക്കുന്നതായും കാണിച്ച് പോക്‌സോ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്യുന്നതിന് നാല് ദിവസം മുന്‍പ് (മാര്‍ച്ച് 26) പിതാവ് മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ അവിടുത്തെ സബ് ഇന്‍സ്‌പെക്ടര്‍ (SI) സ്‌നേഹ മെര്‍ലിനെ സംരക്ഷിക്കുന്ന രീതിയിലാണ് പെരുമാറിയതെന്നും, പരാതി വാങ്ങി വെച്ചെങ്കിലും റെസീപ്റ്റ് നല്‍കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നീട് എസ്.പി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയ ശേഷമാണ് മുന്‍പ് നല്‍കിയ പരാതിയുടെ റെസീപ്റ്റ് പോലും നല്‍കാന്‍ പോലീസ് തയ്യാറായതെന്നും, അതില്‍ തീയതികളില്‍ തിരിമറി നടത്തിയതായും ബന്ധുക്കള്‍ പറയുന്നു.
പിതാവിന്റെ അറസ്റ്റിനുശേഷം ഈ കേസില്‍ മെര്‍ലിനെക്കൂടി അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കുടുംബം കൃത്യമായി പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് അത് ഗൗരവത്തില്‍ എടുത്തില്ല.
പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് സ്‌നേഹ മെര്‍ലിന്‍ നിരന്തരം കുട്ടിയെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ തന്നോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനും മുഖ്യമന്ത്രിക്കുമൊക്കെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ സംശയം തോന്നിയ അധികൃതര്‍ കുട്ടിയെ വീണ്ടും വിശദമായ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സത്യം പുറത്തുവന്നത്.
കൂടാതെ, കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഒരു പുരുഷന്‍ പീഡിപ്പിച്ച രീതിയിലുള്ള പരിക്കുകളായിരുന്നില്ല രേഖപ്പെടുത്തിയിരുന്നത്. സമവര്‍ഗ ലൈംഗിക അതിക്രമങ്ങളിലൂടെ (സവര്‍ഗ അനുരാഗം) സംഭവിക്കാവുന്ന പരിക്കുകളാണ് കുട്ടിക്കുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സ്വന്തം പിതാവിന്റെ സഹോദരന്റെ മക്കളെ പീഡിപ്പിച്ച കേസില്‍ നേരത്തെ കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച ആളാണ് സ്‌നേഹ മെര്‍ലിന്‍. ഇവര്‍ കടുത്ത സമവര്‍ഗ അനുരാഗിയാണെന്നും ഇരകളാക്കുന്ന കുട്ടികളെ വിട്ടുനല്‍കാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും വ്യക്തമായിട്ടുണ്ട്.
കാസര്‍കോട് നഗരത്തിലെ ഒരു ഹോട്ടലില്‍ 10 വര്‍ഷം തുടര്‍ച്ചയായും, തുടര്‍ന്ന് ദുബായില്‍ 16 വര്‍ഷത്തിലേറെയായി സൂപ്പര്‍മാര്‍ക്കറ്റിലും ജോലി ചെയ്തുവരുന്ന, പറയത്തക്ക സൗഹൃദബന്ധങ്ങളോ നിയമപരമായ പരിജ്ഞാനമോ ഇല്ലാത്ത ഒരു സാധാരണ പ്രവാസിയാണ് പെണ്‍കുട്ടിയുടെ പിതാവ്.
കുടുംബത്തെ അതീവ ഗൗരവത്തോടെ കണ്ടിരുന്ന ഈ പിതാവ് ഭാര്യ ലഹരിക്കേസില്‍ പെട്ടതോടെയാണ് നാട്ടിലെത്തിയത്. അറിയാത്ത കുറ്റകൃത്യത്തിന്റെ ഭാഗമാകേണ്ടി വന്ന മാതാവും, ഒരു സ്വവര്‍ഗ അനുരാഗിയുടെ ക്രൂരമായ തിരക്കഥയില്‍ പിതാവും ഇവിടെ ഒരേപോലെ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.
മറ്റൊരു വസ്തുത, കുട്ടിയുടെ മാതാവ് അറിഞ്ഞുകൊണ്ടാണ് മെര്‍ലിന്‍ കുട്ടിയെ പീഡിപ്പിച്ചത് എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തീര്‍ത്തും അസംബന്ധമാണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മൊഴിയും പോലീസിന് ലഭിച്ചിട്ടില്ല. ഇതും ഒരു വലിയ തിരക്കഥയുടെ ഭാഗം മാത്രമാണ്. ആദ്യഘട്ടത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വ്യാജ തിരക്കഥ വിശ്വസിച്ചുപോയി എന്നതാണ് യാഥാര്‍ത്ഥ്യം.
പെണ്‍കുട്ടിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരപരാധിയായ പിതാവിന് എത്രയും വേഗം ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. എന്നാല്‍ പോലീസിനുണ്ടായ ഈ വലിയ നാണക്കേടില്‍ നിന്നും അധികൃതര്‍ എങ്ങനെ കരകയറുമെന്നാണ് ഇനി കണ്ടറിയേണ്ട കാഴ്ച. വരുംദിവസങ്ങളില്‍ ഈയൊരു സംഭവം കേരളം ചര്‍ച്ച ചെയ്യുകയാണെങ്കില്‍, ഒരു പിതാവിനും മാതാവിനും ഒരുപക്ഷേ അവരുടെ തകര്‍ന്ന ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചേക്കും.

