KeralaNews

പുതുപ്പള്ളി വോട്ടെണ്ണൽ: കോട്ടയത്ത് ഗതാഗത നിയന്ത്രണം;സ്ട്രോങ് റൂം തുറക്കുക രാവിലെ ഏഴരയോടെ

കോട്ടയം: പുതുപ്പള്ളി വോട്ടെണ്ണല്‍ ദിവസമായ നാളെ (സെപ്തംബര്‍ 8) കോട്ടയത്ത് ഗതാഗത നിയന്ത്രണം. കോട്ടയം ബസേലിയോസ് കോളേജിന് സമീപം കെകെ റോഡിൽ വെള്ളിയാഴ്ച പോലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. എട്ടിന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നത് വരെ കെകെ റോഡ് കഞ്ഞിക്കുഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കളക്ട്രേറ്റ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍ – ശാസ്ത്രി റോഡ്‌ വഴി പോകേണ്ടതാണ്. മനോരമ ഭാഗത്തുനിന്ന് കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജംഗ്ഷനില്‍നിന്ന് ഈരയില്‍ കടവ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ബസേലിയോസ് കോളേജിലെ സ്ട്രോങ് റൂം തുറക്കും. എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.


മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്.

ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുക. തുടർന്ന്, റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ച് വിവി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്‍ററിന്‍റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ് അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ, 12 അംഗ സായുധ പോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്‍റെ സുരക്ഷയ്ക്കായുണ്ടാകും.

സെപ്തംബർ എട്ടിന് രാവിലെ എട്ടുമണി മുതൽ ഫലം ഈ വെബ്സൈറ്റിലൂടെ ലഭ്യമാകും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വോട്ടർ ഹെൽപ് ലൈന്‍ (Voter Helpline) എന്ന മൊബൈൽ ആപ്പിലും രാവിലെ എട്ടുമണിമുതൽ ഫലം ലഭ്യമാകും. ഗൂഗിൾ പ്ളോ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്ആപ്ലിക്കേഷനായ റിസൽട്ട് ട്രെൻഡ് ടിവിയിലും (https://eci.gov.in/it-applications/web-applications/results-trends-tv-r43/) രാവിലെ എട്ടുമണി മുതൽ ഫലം ലഭ്യമായിത്തുടങ്ങും.

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.86 ശതമാനം പോളിങ്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇറ്റിപിബിഎസ്) വഴി 138 സർവീസ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. ഇറ്റിപിബിഎസ് വോട്ട് എണ്ണം വോട്ടെണ്ണൽ ദിനത്തിലേ അറിയൂ. അസന്നിഹിത വോട്ടർമാരുടെ പോളിങും ഇറ്റിപിബിഎസ് പോളിങും 72.86 എന്ന ശതമാനക്കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച വോട്ടെടുപ്പു ദിനത്തിൽ മാത്രം നടന്ന പോളിങ് കണക്കാണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker