28.9 C
Kottayam
Friday, May 17, 2024

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു എഫ്‌സിക്കെതിരെ

Must read

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണ് ഈ മാസം 21ന് തുടക്കം. കൊച്ചി, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി സൂപ്പര്‍ പോരാട്ടത്തോടെയാണ് സീസണ്‍ ആരംഭിക്കുക. കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫ് ബെംഗളൂരുവിന്റെ വിവാദ ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്‌സിന്റെ ഇറങ്ങിപ്പോക്കും മൂലം സംഭവബഹുലമായിരുന്നു. അതിന്റെ ബാക്കി കാണാം കൊച്ചിയില്‍. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം ഒക്ടോബര്‍ 8ന് മുംബൈ സിറ്റിക്കെതിരെയാണ്.

പത്താം പതിപ്പിലേക്ക് കടക്കുന്ന ഐഎസ്എല്ലില്‍ ഇത്തവണ ആകെ 12 ക്ലബുകളുണ്ട്. ഐ ലീഗില്‍ നിന്ന് പ്രമോഷന്‍ കിട്ടിയെത്തിയ പഞ്ചാബ് എഫ്‌സിയാണ് പുതിയ ടീം. ലീഗ് ഘട്ടത്തില്‍ ആകെ 120 മത്സരങ്ങള്‍. പിന്നാലെ പ്ലേ ഓഫും, ഇരുപാദങ്ങളുള്ള സെമിയും ഫൈനലും. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്റെ ആദ്യ മത്സരം 23ന് പഞ്ചാബ് എഫ്‌സിക്കെതിരെയാണ്. ഈസ്റ്റ് ബംഗാളിനെതിരായ ബംഗാള്‍ ഡെര്‍ബി ഒക്ടോബര്‍ 28ന് നടക്കും.

എഐഎഫ്എഫിന്റെ ആവശ്യം തള്ളി

ഐഎസ്എല്‍ നീട്ടിവയ്ക്കണമെന്ന ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആവശ്യം തള്ളി സംഘാടകരായ എഫ്ഡിഎസ്എല്‍. ഏഷ്യന്‍ ഗെയിംസിന് താരങ്ങളെ വിട്ടുകിട്ടാനാണ് ഐഎസ്എല്‍ നീട്ടുവയ്ക്കണമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്ല്യാണ്‍ ചൗബ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ മാസം 21ന് ഐഎസ്എല്‍ പുതിയ സീസണ്‍ തുടങ്ങാന്‍ എഫ്ഡിഎസ്എല്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ താരങ്ങളെ വിട്ടു നല്‍കാന്‍ തയ്യാറാകാത്ത ക്ലബുകളുടെ നടപടിക്കെതിരെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നല്ലതിനായി ക്ലബുകള്‍ മാറാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ മടങ്ങിപ്പോകുമെന്നായിരുന്നു സ്റ്റിമാക്കിന്റെ പ്രതികരണം. ഇതില്‍ എഐഎഫ്എഫ് സ്റ്റിമാക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week