കളക്ഷനില്‍ വിജയിയെയും, അജിത്തിനെയും വെട്ടി ബാലയ്യ; വീര സിംഹ റെഡ്ഡി നേടിയത്
ഹൈദരാബാദ്: ജനുവരി 12 സംക്രാന്തി ദിനത്തില്‍ ഇറങ്ങിയ നന്ദമുറി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി ഒന്നാം ദിവസം തന്നെ വിജയിയുടെ വാരിസിനെക്കാളും, അജിത്തിന്‍റെ തുനിവിനെക്കാളും കളക്ഷന്‍ നേടി. പടത്തിന്‍റെ നിര്‍മ്മാതാക്കള്‍ മൈത്രി മൂവി മേക്കര്‍സ് തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം എല്ലാ മാര്‍ക്കറ്റിലുമായി 54 കോടിയാണ് ഒന്നാം ദിനത്തില്‍ ബാലയ്യയുടെ പടം നേടിയത്.
നന്ദമുറി ബാലകൃഷ്ണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗാണ് വീര സിംഹ റെഡ്ഡി എന്നാണ് ഇത് വ്യക്തമാക്കുന്നത്. ചിത്രത്തിന്‍റെ ഒന്നാം ദിനത്തിലെ ഓള്‍ ഇന്ത്യ കളക്ഷന്‍ 42 കോടിയാണ്. തെലുങ്ക് മാര്‍ക്കറ്റില്‍ മാത്രം 38 കോടി പടം ഒന്നാം ദിനം നേടി. ഓവര്‍സീസ് കളക്ഷന്‍ 8 കോടിയിലേറെ വരും എന്നാണ് കണക്ക്. 3.25 കോടി നേടിയത് കര്‍ണാടകത്തില്‍ നിന്നാണ്. അതേ സമയം ഇതിന് മുന്‍പ് ബാലകൃഷ്ണയുടെതായി തീയറ്ററിലെത്തിയ അഖണ്ഡ 29.9 കോടിയാണ് ആദ്യം ദിനം സ്വന്തമാക്കിയിരുന്നത്. ഈ റെക്കോഡാണ് തിരുത്തപ്പെട്ടത്.
బాలయ్య బాబు బాక్సాఫీస్ ఊచకోత 🔥🔥
— Mythri Movie Makers (@MythriOfficial) January 13, 2023
VEERA MASS BLOCKBUSTER #VeeraSimhaReddy grosses Massive 54 CR on Day 1 🔥
Book your tickets now!
– https://t.co/SzgoK7HjZV
Natasimham #NandamuriBalakrishna @megopichand @shrutihaasan @varusarath5 @OfficialViji @MusicThaman @SonyMusicSouth pic.twitter.com/PrfB4kckhX
കഴിഞ്ഞ ദിവസം ഒരു അത്യാഹിത വാര്‍ത്തയും പുറത്തു വന്നിരുന്നു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയറ്ററിലാണ് സംഭവം. ‘വീരസിംഹ റെഡ്ഡി’യുടെ സിക്രീനിങ്ങിനിടെ തിയറ്റർ സ്ക്രീനിൽ തീ പടരുകയായിരുന്നു. ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിനിടെ സംഭവിച്ച അപകടമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ വേളയിൽ തിയറ്ററിൽ ഉണ്ടായിരുന്നവരെ വേഗം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗോപിചന്ദ് മലിനേനി സംവിധാനം രചനയും നിർവഹിച്ച ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസന്‍ നായികയായി എത്തിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്.
തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിംഗ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എ എസ് പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്.
അജിത്ത് കുമാര്‍ നായകനായ തുനിവും വിജയ് നായകനായ വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്‍റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ചലച്ചിത്ര പ്രേമികളിലുണ്ട്. അതേ സമയം ഔദ്യോഗികമായി നിര്‍മ്മാതാക്കളോ വിതരണക്കാരോ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും വിവിധ ബോക്സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകള്‍ പുറത്തുവിടുന്നുണ്ട്.
രമേഷ് ബാല, മനോബാല വിജയബാല എന്നിവരുടെ കണക്കുകള്‍ പ്രകാരം മൂന്ന് ദിവസങ്ങളിലും തുനിവ് വാരിസിനെക്കാള്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. മനോബാലയുടെ ട്വീറ്റ് പ്രകാരം മൂന്ന് ദിവസങ്ങളില്‍ തന്നെ തുനിവ് തമിഴ്നാട്ടില്‍ മാത്രം 50.97 കോടി കളക്ഷന്‍ നേടി. വെള്ളിയാഴ്ച തുനിവ് തമിഴ്നാട്ടില്‍ നേടിയത് 12.06 കോടിയാണ്. വരും ദിവസങ്ങള്‍ വാരാന്ത്യവും പൊങ്കലും ആയതിനാല്‍ കളക്ഷന്‍ കൂടാനാണ് സാധ്യത.
അതേ സമയം ഇതേ കണക്കുകള്‍ പ്രകാരം വാരിസ് മൂന്ന് ദിവസത്തില്‍ നേടിയത് 35.29 കോടി കളക്ഷനാണ്. റിലീസ് ദിവസത്തില്‍ ഒഴികെ കളക്ഷനിലെ കോടികള്‍ ഇരട്ടയക്കത്തില്‍ എത്തിക്കാന്‍ വിജയ് ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച 7.11 കോടി രൂപയാണ് വിജയ് ചിത്രം നേടിയത്. ഫാമിലി ചിത്രം എന്ന രീതിയില്‍ റിവ്യൂകള്‍ വന്നതിനാല്‍ ശനി ഞായര്‍ ദിനങ്ങളില്‍ ഫാമിലികള്‍ എത്തുന്നതോടെ കളക്ഷന്‍ കൂടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
അജിത്തിന്‍റെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പടമായി തുനിവ് മാറിയെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. ആറ് ലക്ഷം ഡോളര്‍ കളക്ഷന്‍ ഇതുവരെ തുനിവ് യുഎസ് കാനഡ മാര്‍ക്കറ്റില്‍ നേടിയെന്നാണ് വിവരം.
ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.