NationalNews

ഗവർണറെ കൊല്ലാൻ ഭീകരനെ അയക്കുമെന്ന് പരസ്യഭീഷണിയുമായി DMK നേതാവ്; പിന്നാലെ സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡി.എം.കെ. നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ. അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ആർ.എൻ. രവി ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരേ പരസ്യ ഭീഷണിയുമായി ഡി.എം.കെ. നേതാവ് രംഗത്തെത്തിയത്.

ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ കശ്മീരിലേക്ക് പോകണമെന്നും വെടിവെച്ചു കൊല്ലാൻ ഞങ്ങൾ തന്നെ ഭീകരവാദിയെ അയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ ശിവാജി കൃഷ്ണമൂർത്തിക്കെതിരേ നടപടിയെടുക്കാൻ സിറ്റി പോലീസ് കമ്മിഷണർക്ക് രാജ്ഭവൻ കത്തയച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി. സംസ്ഥാനനേതൃത്വം ഡി.ജി.പി.യെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ഡി.എം.കെ. നേതാവിനെ ഉടൻ അറസ്റ്റുചെയ്യണമെന്നും ഗവർണറെ കൊല്ലാൻ കശ്മീർ തീവ്രവാദികളെ നിയോഗിക്കുമെന്നുപറഞ്ഞയാളെ എൻ.ഐ.എ. നിരീക്ഷിക്കണമെന്നും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി. ഉറപ്പുനൽകിയതായി ബി.ജെ.പി. നേതാവ് കാരു നാഗരാജൻ പറഞ്ഞു.

അതെസമയം മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ ഗവർണറോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തുനൽകിയിരുന്നു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്ന ഗവർണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. സഖ്യത്തിലെ എം.പി.മാർ നേരത്തേ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker