KeralaNews

വന്ദേ ഭാരതിനെ ഉയർത്തിക്കാട്ടി കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചവർ എവിടെ?: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത്‌ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും വിഷയത്തിൽ അടിയന്തരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്കു വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തിൽ പോലും കേന്ദ്ര റെയിൽവേ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്.

ഇതിൽ നിന്നും റെയിൽവേ മന്ത്രാലയം ഇപ്പോൾ പിന്നോക്കം പോയത് ദുരൂഹമാണ്. രാജ്യത്തിന്റെ റെയിൽ ഭൂപടത്തിൽനിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളിൽ ഏറ്റവും അവസാനത്തേതാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

‘‘വന്ദേ ഭാരതിനെ ഉയർത്തിക്കാട്ടിയായിരുന്നു കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചത്. വളവുകൾ നിവർത്തി കേരളത്തിൽ വന്ദേ ഭാരത്‌ ട്രെയിൻ ഓടിക്കാൻ കഴിയുമെന്നു പറഞ്ഞവരുൾപ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത്തിലാണ്. അർഹമായ റെയിൽവേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഈ മൗനം കുറ്റകരമാണ്.’ – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘‘ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് യാത്രാ സൗകര്യമില്ലായ്മ. 620ഓളം കിലോമീറ്റർ പിന്നിടാൻ 12–13 മണിക്കൂർ എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതുമൂലം ജനങ്ങൾ കഷ്ടപ്പെടുകയും സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾ പലതും തടസ്സപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥ മാറ്റാൻ റെയിൽ വികസനം അനിവാര്യമാണ്.

അതിനുള്ള പ്രതിജ്ഞാബദ്ധമായ ഇടപെടലാണ് സംസ്‌ഥാന സർക്കാർ നടത്തുന്നത്. അതിനെ അട്ടിമറിക്കുന്ന ഏതു നടപടിയും ജനങ്ങളുടെ താൽപര്യത്തിനു വിരുദ്ധമാണ്. അതുകൊണ്ട് വന്ദേഭാരത്‌ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പുനരാലോചന നടത്തണം’ – മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker