ശബരിമല യുവതീ പ്രവേശനം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധനയുടെ കാര്യത്തിലും നയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം സാധ്യമല്ല. നിയമനിര്‍മ്മാണം എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നു. വിധി മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി വരുന്നത്. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീപ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശനചട്ടത്തിലെ മൂന്ന് (ബി) ചട്ടമാണ് കോടതി റദ്ദാക്കിയത്. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏക വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തു.
സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരില്‍ വിലക്കാനാകില്ലെന്നും പുരുഷാധിപത്യമാണ് പ്രവേശനവിലക്കിനുള്ള മൂലകാരണമെന്നും കോടതി നിരീക്ഷിച്ചു. പ്രാര്‍ഥനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്നും ആള്‍ക്കൂട്ട ധാര്‍മികതയെ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിധിയുടെ പശ്ചാത്തലത്തില്‍ ജനുവരി രണ്ടിന് ശബരിമലയില്‍ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികള്‍ കയറി.