യു.എ.പി.എ അറസ്റ്റ്: പോലീസിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ മുഖപത്രം ജനയുഗം
തിരുവനന്തപുരം: പന്തീരങ്കാവ് അറസ്റ്റില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണെന്നും യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം പോലീസ് തെളിയിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢനീക്കങ്ങളെ ശ്രദ്ധിക്കണം. പന്തീരങ്കാവിലെ പോലീസ് നടപടി സംസ്ഥാന സര്‍ക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്നും ജനയുഗം പറയുന്നു.
അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകത്തിലും കോഴിക്കോട്ടെ വിദ്യാര്‍ഥികളുടെ അറസ്റ്റിലും പരസ്യമായി നടത്തിയ രൂക്ഷപ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് മുഖപത്രത്തിലൂടെയുള്ള സിപിഐയുടെ വിമര്‍ശനങ്ങള്‍. സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന്ന ബോധ്യം പോലീസ് ഉദ്യോഗസ്ഥരില്‍ ഇല്ലാതെ പോയിരിക്കുന്നു. ഇത് യുഎപിഎയുടെ കാര്യത്തില്‍ മാത്രമല്ലെന്നത് സംശയകരവുമാണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്.
വസ്തുതാപരമായ യാതൊരു അന്വേഷണവും നടന്നിട്ടില്ല. അതുകൊണ്ടാണ് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന ചോദ്യത്തിന് വിശദീകരണമില്ലാത്തത്. ആരാണ് മനുഷ്യരെ വെടിവച്ചുകൊല്ലാനും ലഘുലേഖയുടെ പേരില്‍ കരിനിയമം ചുമത്തി തുറങ്കിലടപ്പിക്കാനും പോലീസിന് അധികാരം നല്‍കിയതെന്ന സംശയം സര്‍ക്കാരിന് മുന്നില്‍ ചൂണ്ടുവിരലായി നിന്നുകൂട. വിഷയത്തെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ അവസരമൊരുക്കിക്കൂട. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ജനയുഗം ആവശ്യപ്പെടുന്നത്.