കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

നേരത്തെയും അദ്ദേഹം രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും മമത ബാനർജിയുടെ നിർദ്ദേശപ്രകാരം മേയർ സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാൽ ബുധനാഴ്ച അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടതോടെ മമത രാജി അംഗീകരിക്കുകയായിരുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് തുടർച്ചയായി കൗൺസിലർമാർ രാജിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മേയറുടെയും അപ്രതീക്ഷിത പിൻമാറ്റം.

2018 മുതൽ കൊൽക്കത്ത മേയറായി സേവനമനുഷ്ഠിക്കുന്ന 67-കാരനായ ഫിർഹാദ് ഹക്കിം തൃണമൂൽ കോൺഗ്രസിലെ കരുത്തനായ ന്യൂനപക്ഷ മുഖമാണ്. മന്ത്രിസ്ഥാനങ്ങൾ അടക്കം വഹിച്ചിട്ടുള്ള അദ്ദേഹം പാർട്ടിയുടെ നട്ടെല്ലായിട്ടാണ് അറിയപ്പെടുന്നത്.

2010 മുതൽ തൃണമൂൽ കോൺഗ്രസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ഇതോടെ വലിയൊരു ഭരണപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് പകരമായി മേയർ സ്ഥാനത്തേക്ക് ആര് വരുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News