എം.എല്‍.എമാര്‍ ഇന്ന് നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സ്വന്തം ‘നീം ജി’ ഓട്ടോയില്‍
തിരുവനന്തപുരം: എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയായ നീം ജിയില്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ചെയ്യും. പതിനഞ്ച് എംഎല്‍എമാരാണ് ‘നീം ജി’ ഓട്ടോയിലെ ആദ്യ യാത്രക്കാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് (കെഎഎല്‍) ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കുന്നത്. ആദ്യഘട്ടത്തില്‍ 10 ഓട്ടോകളാണ് നിരത്തിലിറങ്ങുക. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നതെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.
ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്.