KeralaNews

കര്‍ഷകരുടെ തലയ്ക്കടിയ്ക്കുക മാത്രമല്ല, കൊന്നു തിന്നുന്ന നിയമമാണിതെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: നിയമസഭയില്‍ ഒ. രാജഗോപാല്‍ എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ തുറന്നടിച്ച് പിസി ജോര്‍ജ്. രാജ്യത്ത് 81 കോടി പരം വരുന്ന കര്‍ഷകരുടെ തലയ്ക്കടിയ്ക്കുക മാത്രമല്ല, കൊന്നു തിന്നുന്ന നിയമമാണിത്. കര്‍ഷകരെ സംബന്ധച്ചിടത്തോളം ഇത്രയും മാരകമായ ഒരു നിയമം ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും പി.സി ജോര്‍ജ് സഭയില്‍ പറഞ്ഞു.

കര്‍ഷക വിരുദ്ധ നയമല്ലിത്, കര്‍ഷകരെ വളര്‍ത്താനുള്ള നയമാണ്, നിയമത്തെ എതിര്‍ക്കുന്നവര്‍ കോര്‍പ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവരാണെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. അങ്ങനെ എങ്കില്‍ മുഖ്യമന്ത്രിയുടെ പ്രമേയത്തെ അനുകൂലിച്ചാല്‍ താനും കോര്‍പ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമോയെന്ന് പിസി ജോര്‍ജ് സഭയില്‍ ആരാഞ്ഞു.

സഭയില്‍ ഈ രീതിയില്‍ ചര്‍ച്ച വരുന്നത് ശരിയാണോയെന്ന് പരിശോധിക്കണം. ലോകത്ത് ക്രൂഡ് ഓയില്‍ വില താഴേക്ക് പോകുന്നു എന്നാല്‍, സംസ്ഥാനത്ത് വില വര്‍ധിക്കുകയാണ്. എന്തുകൊണ്ട് ധനകാര്യ മന്ത്രി ഐസക് ഇതേ കുറിച്ച് മിണ്ടുന്നില്ല. സ്റ്റേറ്റ് ഗവണ്‍മെന്റിന് ലഭിക്കുന്ന ലാഭ വിഹിതത്തെ ഓര്‍ത്താണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നിലപാടെടുക്കാത്തത്. പെട്രോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ടവരോടുള്ള ഇത്തരം നിലപാട് നീതികേടാണ്. പാചകവാതകത്തിന്റെ വില വര്‍ധിക്കുന്നു. ഇക്കാര്യം ആരും ചോദിക്കാനും പറയാനുമില്ല.

മോദി ഗവണ്‍മെന്റ് ഭരിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള ശതകോടീശ്വരന്മാരുടെ പട്ടിക പരിശോധിച്ചാല്‍ പത്താം സ്ഥാനക്കാരനായിരുന്ന അദാനി ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. കോര്‍പ്പറേറ്റുകളുടെ കടന്നു കയറ്റം രാജ്യത്തെ ജനങ്ങളുടെമേല്‍ എത്രത്തോളമുണ്ടെന്നാണ് ഇത് മനസിലാക്കുന്നതെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. റബ്ബര്‍ കര്‍ഷകുടെ കാര്യം ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. ഇടതു പക്ഷക്കാരും റബ്ബര്‍ കൃഷിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.

ഇപ്പോള്‍ ഇതേ കുറിച്ച് സംസാരിക്കാന്‍ ആരുമില്ല. അഞ്ചേക്കര്‍ ഭൂമിയുള്ള ഒരു റബ്ബര്‍ കര്‍ഷകന്റെ വാര്‍ഷിക വരുമാനം 60,000 രൂപ മാത്രമാണ്. കൃഷിക്കാര്‍ എങ്ങനെ ജീവിക്കും. ഒരു എല്‍ഡി ക്ലാര്‍ക്കിന് 25,000 രൂപ ശമ്പളമുണ്ട്. എന്നാല്‍, അത് ഒരു റബ്ബര്‍ കര്‍ഷകന് ലഭിക്കണമെങ്കില്‍ 25 ഹെക്ടര്‍ ഭൂമി വേണം. കര്‍ഷകന് 200 രൂപ താങ്ങുവില കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. പ്രസംഗിച്ചാല്‍ മാത്രം പോരാ, അല്‍പം പ്രവൃത്തികൂടി മുന്നോട്ട് കാണിക്കണ്ടേതുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker