ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ ജയ്പൂരില്‍ ആക്രമണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനോട് ജൂണ്‍ 13-നകം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നല്‍കിയ സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്ന്, രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപിച്ച പരസ്യമായ പ്രതിഷേധ റാലികള്‍ക്കിടയിലാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.

ജയ്പൂരില്‍ തിങ്കളാഴ്ച നടന്ന വന്‍ പ്രതിഷേധ പരിപാടിയില്‍ ജനങ്ങളെയും അണികളെയും അഭിസംബോധന ചെയ്യാനായി അഭിജിത് ദിപ്‌കെ എത്തിയപ്പോഴാണ് ഒരു സംഘം ആളുകള്‍ അദ്ദേഹത്തിന് നേരെ അക്രമം അഴിച്ചുവിട്ടത്. റാലിയില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ തോളിലേറി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധക്കാര്‍ക്കിടയില്‍ ഒളിച്ചുകടന്ന രണ്ട് യുവാക്കള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പെട്ടെന്ന് അഭിജിത്തിന്റെ കഴുത്തിലെ സ്‌കാര്‍ഫ് ബലമായി വലിച്ചൂരുകയും അദ്ദേഹത്തിന്റെ മുഖത്ത് പലതവണ ക്രൂരമായി അടിക്കുകയുമായിരുന്നു. അക്രമികള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതിന്റെയും തോളില്‍ നിന്നും താഴേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

തനിക്ക് നേരെയുണ്ടായ കടുത്ത അക്രമത്തിന് പിന്നാലെ എക്‌സ് (മുന്‍പ് ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ അഭിജിത് ദിപ്‌കെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. തന്നെ പിന്നില്‍ നിന്നും ആക്രമിച്ചത് തികഞ്ഞ ഭീരുക്കളാണെന്നും ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപി നടത്തിയ ആദ്യത്തെ വന്‍ പ്രത്യക്ഷ സമരത്തിന് പിന്നാലെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബെംഗളൂരുവിലും സിജെപി വന്‍ പ്രതിഷേധ കൂട്ടായ്മ ഒരുക്കിയിരുന്നു. കന്നഡ ചലച്ചിത്ര ഇതിഹാസം പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സിജെപി പ്രവര്‍ത്തകര്‍ ബെംഗളൂരു ഫ്രീഡം പാര്‍ക്കിലേക്ക് എത്തിയത്.

ബെംഗളൂരുവില്‍ പെയ്ത കനത്ത മഴയെപ്പോലും വകവയ്ക്കാതെ നടത്തിയ ഈ പ്രതിഷേധത്തില്‍ പ്രമുഖ നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്, ചലച്ചിത്ര താരം കിരണ്‍ ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായിരുന്നു. ബെംഗളൂരുവിന് തൊട്ടുപിന്നാലെ ജയ്പൂരില്‍ റാലി തുടരുന്നതിനിടയിലാണ് പാര്‍ട്ടി സ്ഥാപകന് നേരെ ഇപ്പോള്‍ ശാരീരിക ആക്രമണം ഉണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News