35.2 C
Kottayam
Wednesday, April 24, 2024

മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

Must read

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. വിചാരണ നേരിടുന്നയാള്‍ മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ കൈയാങ്കളി കേസില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ചിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.

നിയമസഭാ കൈയാങ്കളി കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ല. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്. കേരള നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും കോടതി കണ്ടെത്തി. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല. നിയമസഭ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ല. അക്രമത്തിന് പരിരക്ഷ തേടുന്നത് പൗരനോടുള്ള ചതിയാണെന്നും ജനപ്രതിനിധികള്‍ക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനാണ്. പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍നിന്ന് ഒഴിവാകാനുള്ള കവാടമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വം സഭയില്‍ നിര്‍ഭയമായി നിര്‍വഹിക്കാനാണ് അംഗങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്. നിയമസഭയിലെ അക്രമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week