മകളുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി; പിതാവും സഹോദരനും അടക്കം 11 പേര്‍ പിടിയില്‍

താനെ: മകളുടെ കാമുകനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പിതാവും പെണ്‍കുട്ടിയുടെ സഹോദരനും അടക്കം 11 പേര്‍ അറസ്റ്റില്‍. കല്യാണ്‍ നിവാസിയായ ഷാഹില്‍ ഹാഷ്മി (19)യെ കൊന്ന കേസിലാണ് യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ പിതാവ് ഷാബിര്‍ ഹാഷ്മി, സഹോദരന്‍ ഖാസിം, ബന്ധുക്കളായ ഘുലാം അലി, ഷാഹിദ്, രുസ്താമലി, തസ്ലിം, അബ്ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവരെയാണു അറസ്റ്റ് ചെയ്തത്.

കൂട്ടത്തില്‍ അറസ്റ്റിലായ മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭിവണ്ടിയിലെ റിമാന്‍ഡ് ഹോമില്‍ അയച്ചു. ഉത്തര്‍പ്രദേശിലെ ബഡോഹി ജില്ലക്കാരായ പെണ്‍കുട്ടിയും ഷാഹിലും അടുപ്പത്തിലായിരുന്നു, എന്നാല്‍ ഈ ബന്ധം പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുമായി ഒളിച്ചോടാന്‍ തീരുമാനിച്ച ഷാഹില്‍ ജൂണ്‍ 19ന് പെണ്‍കുട്ടിയെയും കൂട്ടി മുംബൈക്ക് പോകാനായി പുറപ്പെട്ടു.

ഇവര്‍ രത്‌നഗിരി എക്‌സ്പ്രസില്‍ കയറാന്‍ സാധ്യതയുണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കല്യാണ്‍ സ്റ്റേഷനിലെത്തി ഇതേ ട്രെയിനില്‍ കയറി. ട്രെയിനില്‍ ഷാഹിലിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഡോംബിവ്‌ലിയിലെ കോപര്‍-ദിവ സ്റ്റേഷനുകള്‍ക്കിടയ്ക്ക് ട്രെയിനില്‍ നിന്നു തള്ളിയിടുകയായിരുന്നു. ആദ്യം അപകടമരണത്തിനാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് കല്യാണ്‍ സ്റ്റേഷനിലെ സിസിടിവിയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News