ഒമൈക്രോണ്‍ അവസാന വകഭേദമല്ല, ജാഗ്രത കൈവിടരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം തെറ്റാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി കോവിഡ്-19 സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു.
കോവിഡ് പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കഴിഞ്ഞാഴ്ച കോവിഡ് കേസുകളില്‍ എട്ടുശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് ഗൗരവമായി കാണേണ്ടതാണ്. പരിശോധനകളില്‍ 99.9 ശതമാനവും ഒമൈക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമൈക്രോണിന്റെ ബിഎ. ടു വകഭേദം ബാധിച്ച കേസുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പരിശോധന കുറഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തിയ ലോകാരോഗ്യസംഘടന നിരീക്ഷണം ശക്തമാക്കാന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഗുരുതരാവസ്ഥയിലാകുന്നത് തടയുന്നതിനായി വാക്സിനേഷന് പ്രാധാന്യം നല്‍കണമെന്നും മരിയ വാന്‍ കെര്‍ഖോവ് നിര്‍ദേശിച്ചു.