വിവാഹ നിശ്ചയത്തിന് ഒരുക്കങ്ങൾ, വീഡിയോ പങ്കുവെച്ച് നൂറിൻ ഷെരീഫ്
കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നൂറിൻ ഷെരീഫ്. യുവ നടൻ ഫഹിം സഫറുമായി തന്റെ വിവാഹം തീരുമാനിച്ച കാര്യം അടുത്തിടെയാണ് നൂറിൻ വെളിപ്പെടുത്തിയത്. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ച് വിവാഹ നിശ്ചയം നടന്നതിന്റെ ഫോട്ടോയും നൂറിൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഫഹിം സഫറുമായുള്ള തന്റെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നൂറിൻ.
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിച്ചുകൊണ്ടിരിക്കുന്ന രംഗങ്ങളൊക്കെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് നൂറിന്റെ വിവാഹ നിശ്ചയ ഒരുക്കങ്ങളുടെ വീഡിയോ. വധുവായി ഒരുങ്ങിയതിന് ശേഷം നിശ്ചയ വേദിയിലേക്ക് വാഹനം ഓടിച്ചുപോകുന്ന നൂറിനെയും വീഡിയോയില്‍ കാണാം.
നൂറിൻ ഷെരീഫ് പങ്കുവെച്ച ഒരുക്കങ്ങളുടെ വീഡിയോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും, സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു ഇത് എന്നായിരുന്നു വിവാഹ വിവരം അറിയിച്ച് നൂറിൻ ആദ്യം എഴുതിയിരുന്നത്.
കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന്‍ ഷെരീഫ് ഒമര്‍ ലുലു ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തെത്തിയ ‘ചങ്ക്സ്’ ആയിരുന്നു നൂറിന്‍റെ അരങ്ങേറ്റ ചിത്രം. ഒമര്‍ ലുലുവിന്‍റെ തന്നെ ‘ഒരു അഡാര്‍ ലവ്’, ‘ധമാക്ക’ എന്നീ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു. ‘വിധി ദ് വെര്‍ഡിക്റ്റ്’, ‘സാന്താക്രൂസ്’, ‘വെള്ളേപ്പം’, ‘ബര്‍മുഡ’ എന്നിവയാണ് മലയാളത്തില്‍ അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ ‘ജൂണ്‍’ എന്ന ചിത്രത്തില്‍ അഭിനേതാവായിട്ടാണ് ഫഹിം സഫര്‍ ആദ്യം സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തില്‍ രജിഷ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഈ കഥാപാത്രം. ‘മാലിക്’, ‘ഗ്യാങ്സ് ഓഫ് 18’, ‘മധുരം’ എന്നീ ചിത്രങ്ങളിലും ഫഹിം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോണി ലിവിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ‘മധുര’ത്തിന്‍റെ സഹ രചയിതാവ് കൂടിയായിരുന്നു ഫഹിം സഫര്‍.