നയൻതാരയ്ക്ക് എന്നോടുള്ള സ്നേഹം പലപ്പോഴായി മനസ്സിലായിട്ടുണ്ട്;ചേട്ടന് ഇത്രയും വിനയം വേണോ എന്നാണ് സംശയം! ധ്യാൻ
കൊച്ചി:മലയാള സിനിമയിലെ രണ്ടു മിന്നും താരങ്ങളാണ് വിനീത് ശ്രീനിവാസനും സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ ക്യാമറയുടെ മുന്നിലും പിന്നിലുമായി നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. നായകന്മാരായും സംവിധായകരായും എഴുത്തുകാരായുമെല്ലാം ഇരുവരും മലയാള സിനിമയില്‍ തങ്ങളുടെ ഇടം കണ്ടെത്തി കഴിഞ്ഞു. നിരവധി ആരാധകരും ഇന്ന് ഈ സഹോദരന്മാർക്ക് ഉണ്ട്.
ചേട്ടന്റെ കൈ പിടിച്ചാണ് ധ്യാൻ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ചേട്ടനോടൊപ്പം ഒന്നിക്കാൻ ഒരുങ്ങുകയാണ് ധ്യാൻ. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലാണ് ധ്യാനും വിനീതും വീണ്ടും ഒന്നിക്കുന്നത്. പ്രണവ് മോഹൻലാൽ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയാകുന്നത്. ഒരു പ്രധാന വേഷത്തിൽ തന്നെയാണ് ധ്യാൻ അഭിനയിക്കുന്നത്.
സിനിമയ്ക്കായി ധ്യാൻ ഡയറ്റിങ്ങിലും മറ്റുമാണെന്ന് വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് ചേട്ടൻ തന്നെ വിളിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് ധ്യാൻ
‘ചേട്ടൻ എപ്പോഴും വളരെ വിനയമുള്ള ആളാണ്. കാര്യങ്ങളൊക്കെ വളരെ സിംപിൾ ആയിട്ട് അവതരിപ്പിക്കുന്നയാളാണ്. അല്ലാത്തപ്പോൾ വളരെ ഫോർമൽ ആയിട്ടായിരിക്കും സംസാരിക്കുന്നത്. തിര എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്, ധ്യാന് നായകനാവാൻ പറ്റുമോയെന്ന് വളരെ ഫോർമൽ ആയിട്ട് വന്നാണ് പുള്ളി ചോദിച്ചത്. ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്ന ആളാണ്. ആ എന്നോട് വരെ ഇത്രയും വിനയത്തോടെയാണ് പടത്തിൽ അഭിനയിക്കുമോയെന്നു ചോദിക്കുന്നത്,’ ധ്യാൻ പറയുന്നു.
‘ഈയിടെ എന്റെ ഒരു സിനിമ പൊട്ടിപ്പോളിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് പുള്ളി എന്റെയടുത്ത് വന്ന് പറയുന്നത്, ഞാൻ ഒരു സിനിമ ചെയ്യാൻ പോകുന്നുണ്ടെന്ന്, പൊട്ടിപൊളിഞ്ഞ സംവിധായകൻ സൂപ്പർ സ്റ്റാറായ നമ്മളോട് ഡേറ്റ് ചോദിക്കാൻ വന്നതാണെന്നാണ് വേറെ ആരെങ്കിലും കണ്ടാൽ തോന്നൂ. ‘ഞാൻ ഒരു സിനിമ ചെയ്യാൻ പോകുവാണ്. ധ്യാന് അതിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ? ഡേറ്റ് ഉണ്ടാകില്ലേ എന്നൊക്കെ എന്നോട് ചോദിച്ചു. നമുക്ക് തന്നെ തോന്നും നമ്മൾ എന്തോ വലിയൊരു സൂപ്പർ സ്റ്റാർ ആണെന്ന്. അതുപോലെയാണ് പുള്ളി വന്ന് ചോദിക്കുന്നത്’,
‘ഡേറ്റ് നോക്കിയിട്ട് പറയാം ചേട്ടാന്ന് ഞാൻ പുളിയോട് പറഞ്ഞു. എത്രയും പെട്ടെന്ന് നോക്കിയിട്ട് പറയണേന്ന് പുള്ളിയും പറഞ്ഞു. മലയാളത്തിൽ ഇത്രയും സക്സസ്ഫുൾ ആയ ഒരു ഡയറക്ടർ വേറെയില്ല. എല്ലാ പടങ്ങളും ഹിറ്റ്. അങ്ങനെയൊരാൾക്ക് ഇത്രയും വിനയം വേണോ എന്നാണ് എന്റെ സംശയം. ആ വിനയം പുള്ളീടെ കൂടെ തന്നെയുള്ളതാണ്. എന്റെ അടുത്ത് പോലും ഇങ്ങനെയാണ്, അപ്പോൾ പുറത്തുള്ളവരുടെ അടുത്ത് പറയണ്ടല്ലോ,’ ധ്യാൻ പറഞ്ഞു.
അഭിമുഖത്തിൽ നയൻതാര തനിക്ക് സഹോദരിയെപോലെയാണെന്നും തനിക്ക് എപ്പോൾ വേണമെങ്കിലും എന്തും സംസാരിക്കാവുന്ന ആളാണെന്നും ധ്യാൻ പറയുന്നുണ്ട്. ‘നയൻതാരയോട് എനിക്കൊരു സഹോദരിയോടെന്നപോലുള്ള സ്നേഹമാണ്. പള്ളിക്കാരിക്ക് എന്നോടുള്ള ഇഷ്ടവും സ്നേഹവും പലപ്പോഴായി എനിക്ക് മനസ്സിലായിട്ടുണ്ട്. അത് എന്നോട് പറഞ്ഞിട്ടുണ്ട്, ഒരു സഹോദരനെ പോലെയാണെന്ന്. കൂടാതെ പുള്ളിക്കാരി അത്തരത്തിൽ ഒരു സ്പേസും എനിക്ക് തന്നിട്ടുണ്ട്.’ ധ്യാൻ പറഞ്ഞു.
നദികളിൽ സുന്ദരി യമുനയാണ് ധ്യാനിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബുള്ളറ്റ് ഡയറീസ് അടക്കം ഒരുപിടി ചിത്രങ്ങളും നടന്റേതായി അണിയറയിൽ ഉണ്ട്. ഈ വർഷം അവസാനത്തോടെയാണ് വർഷങ്ങൾക്ക് ശേഷത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.