KeralaNews

താനൂരിലെ അമ്മയുടേയും മക്കളുടേയും തിരോധാനത്തില്‍ വന്‍ദുരൂഹത; നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബന്ധു, അന്വേഷണം അവസാന ഘട്ടത്തില്‍

മലപ്പുറം: താനൂരിലെ ഓമച്ചപ്പുഴയില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് അമ്മയെയും മക്കളായ ഇരട്ട കുട്ടികളെയും കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവില്‍. രണ്ട് വര്‍ഷമായി മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

2014 ഏപ്രില്‍ 27നാണ് ഓമച്ചപ്പുഴ തറമ്മല്‍ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീന്‍(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടില്‍നിന്നും പെരിന്തല്‍മണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പരേതനായ തറമ്മല്‍ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ.

ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ സൈനുദ്ദീന്റെ കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് 2014 ഏപ്രിലില്‍ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

ഖദീജയെ കാണാതായ സംഭവത്തില്‍ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വര്‍ഷങ്ങളോളം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. ഇതോടെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. കേസില്‍ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരുടെ നുണപരിശോധന നടത്താനായി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നിന്ന് അനുമതി തേടി. എന്നാല്‍ കഴിഞ്ഞദിവസം ഇവര്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതോടെ മറ്റുവഴികള്‍ തേടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

അമ്മയും മക്കളും എങ്ങോട്ടുപോയി, അവര്‍ക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടുകയായിരുന്നു. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. പിന്നാലെ സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോണ്‍കോളുകള്‍ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവര്‍ പരപ്പനങ്ങാടി കോടതിയെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker