ചെരുപ്പിട്ട് അഭിപ്രായം പറഞ്ഞാല്‍ നാലുലക്ഷം രൂപ സ്വന്തമാക്കാം! കിടിലന്‍ തൊഴിലവസരം
ചെരുപ്പിട്ട് അഭിപ്രായം പറയാന്‍ നിങ്ങള്‍ തയ്യാറാണേണാ? എങ്കില്‍ നാലുലക്ഷം രൂപ നിങ്ങളുടെ കൈയ്യിലിരിക്കും. തമാശയല്ല, സംഗതി സത്യമാണ്. ബെഡ്‌റൂം അത്‌ലറ്റിക്സ് എന്ന കമ്പനിയാണ് കിടിലന്‍ തൊഴിലവസരവുമായി രംഗത്ത് വന്നിരിക്കുന്നത്. കമ്പനി സ്ലിപ്പര്‍ ടെസ്റ്റേഴ്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം നല്‍കിയിരിക്കുകയാണ്. പേര് സൂചിപ്പിക്കും പോലെ കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ പരിശോധിക്കലും അവലോകനം ചെയ്യലുമാണ് ജോലി.
എന്നാല്‍, അത് ചെയ്യുന്ന വ്യക്തിയ്ക്ക് കമ്പനി ഏകദേശം നാലു ലക്ഷം രൂപയാണ് ഒരു വര്‍ഷം ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതില്‍ ആകെയുള്ള ഒരു കാര്യം നിങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 12 മണിക്കൂറെങ്കിലും ചെരുപ്പ് അല്ലെങ്കില്‍ ബൂട്ട് ധരിക്കണമെന്നതാണ്.
കമ്പനി പരസ്യത്തില്‍ സ്വപ്നതുല്യമായ ഈ ജോലിയെ ”തൊഴില്‍ വിപണിയുടെ സിന്‍ഡ്രെല്ല” എന്നാണ് വിശേഷിപ്പിച്ചത്. രണ്ടുപേര്‍ക്കുള്ള ഒഴിവാണ് ഉള്ളത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ കമ്പനിയുടെ ഏറ്റവും പുതിയ ശ്രേണിയില്‍ നിന്നുള്ള സ്ലിപ്പറുകള്‍, ബൂട്ടുകള്‍, ലോഞ്ച് വെയര്‍ തുടങ്ങിയ പുതിയ പാദരക്ഷകള്‍ ധരിക്കേണ്ടതും എല്ലാ ഉല്‍പ്പന്നങ്ങളെക്കുറിച്ചും വിപുലമായ ഫീഡ്ബാക്കും വിമര്‍ശനങ്ങളും നല്‍കേണ്ടതുണ്ട്.
മാത്രമല്ല, നിങ്ങള്‍ക്ക് സൗജന്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. കൂടാതെ മാസത്തില്‍ രണ്ട് ദിവസം മാത്രം ജോലി ചെയ്താല്‍ മതിയാകും. പ്രതിമാസം ഏകദേശം 33,000 രൂപ ശമ്പളമായും ലഭിക്കും. ഈ ജോലിയുടെ കാലാവധി 12 മാസമാണ്. ഈ ജോലിയ്ക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി അവസാനം വരെ സ്വീകരിക്കുന്നതായിരിക്കും. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാര്‍ച്ചില്‍ ജോലി ലഭിക്കുകയും ചെയ്യും.