ആരും കാണാതെ പോകരുത്, ഇതും ഒരു പ്രധാനാധ്യാപകനാണ്; സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്ന പ്രകാശന്‍ സാറിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
കോട്ടയം: വയനാട് ബത്തേരിയില്‍ സ്‌കൂളിലെ ക്ലാസ് മുറില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വ്യത്യസ്തനാവുകയാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുട്ടുചിറ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ സാര്‍. പല്ലുവെട്ടുന്ന മെഷീന്‍ വാടകയ്‌ക്കെടുത്ത് ഒറ്റയ്ക്ക് സ്‌കൂളും പരിസരവും വൃത്തിയാക്കുന്ന സാറിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. പാമ്പുകടിയേറ്റു ഒരു കുഞ്ഞു മരിച്ചതുകൊണ്ടല്ല ഇദ്ദേഹം പുല്ലരിയാന്‍ ഇറങ്ങിയത്. പണിക്കാരെ കിട്ടാത്തതുകൊണ്ട് മിക്കവാറും മെഷിന്‍ വാടകക്കെടുത്തു കോമ്പൗണ്ടിലെ പുല്ലുചെത്തുന്നത് ഇദ്ദേഹം തന്നെയാണ്.
ഇദ്ദേഹം സ്‌കൂളില്‍ ചാര്‍ജെടുക്കുമ്പോള്‍ സ്‌കൂളിലെ ആകെയുണ്ടായിരുന്നത് ഒമ്പത് വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിന്റെ 100 മീറ്റര്‍ അപ്പുറത്തു സെന്റ് ആഗ്‌നെസ് ഗേള്‍സ് ഹൈസ്‌കൂളും തൊട്ടു പുറകില്‍ സെന്റ് ആഗ്‌നസ് യുപി സ്‌കൂളും 200 മീറ്റര്‍ അപ്പുറത്ത് ഹോളി ഗോസ്റ്റ് ബോയ്‌സ് ഹൈസ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യാപകനായി സ്‌കൂളില്‍ ചുമതലയേറ്റ പ്രകാശന്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന്റെ രണ്ടു പെണ്‍കുട്ടികളെയും പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും ടി സി വാങ്ങി ഇവിടെ ചേര്‍ക്കുകയായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിച്ച പാരമ്പര്യം പേറുന്ന സ്‌കൂളില്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ അടക്കം 50 കുട്ടികളുണ്ട്. പച്ചക്കറി തോട്ടം,നെല്‍കൃഷി ഔഷധത്തോട്ടം, ഒരു ഓഡിറ്റോറിയം,തുടങ്ങി ഗ്രൗണ്ടിന്റെ കോണില്‍ വനം വച്ചുപിടിപ്പിക്കല്‍ വരെ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നു.