’36 വര്‍ഷത്തെ സൗഹൃദം, 55 സിനിമകളിലെ എന്റെ നായകന്‍’ മോഹന്‍ലാലുമായുള്ള ചിത്രം പങ്കുവെച്ച് ശോഭന
മലയാളി പ്രേഷകര്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ചപ്പോഴെല്ലം മലയാളത്തിന് ഹിറ്റ് ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്ന 80കളിലെ താരങ്ങളുടെ സംഗമ വേളയില്‍ ഇരുവരും ഒന്നിച്ചെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ’36 വര്‍ഷത്തെ സൗഹൃദം, 55 സിനിമകളിലെ എന്റെ നായകന്‍, ശ്രീ മോഹന്‍ലാല്‍’ എന്നാണ് ചിത്രം പങ്കുവെച്ച് ശോഭന ഫേസ്ബുക്കില്‍ കുറിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയ താരങ്ങളെ ഒരു ഫ്രെയിമില്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോള്‍.
എല്ലാ വര്‍ഷവും 80’s എന്ന പേരില്‍ എണ്‍പതുകളില്‍ വെള്ളിത്തിരയില്‍ എത്തിയ താരങ്ങള്‍ ഒത്തുകൂടാറുണ്ട്. ഇത്തവണ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുകൂടിയത്. മോഹന്‍ലാല്‍, ജയറാം, ജാക്കി ഷറഫ്, ശരത് കുമാര്‍, പ്രഭു, നാഗാര്‍ജുന, അമല അക്കിനേനി, ശോഭന, സുഹാസിനി, രേവതി, മേനക, ഖുശ്ബു, രാധിക ശരത് കുമാര്‍, രാധ, ലിസി, പാര്‍വതി, ജയപ്രദ, പൂര്‍ണ്ണിമ ഭാഗ്യരാജ്, അംബിക, സുമലത, നാദിയ മൊയ്തു, സരിത, എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പരിപാടിയില്‍ അണിനിരന്നത്.