KeralaNews

ലോകസൗന്ദര്യ കിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക്

മുംബൈ: ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റിനയെ കിരീടമണിയിച്ചു.

ക്രിസ്റ്റിനയ്‌ക്കൊപ്പം മിസ് ബോട്‌സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത്. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണാണ് ഫസ്റ്റ് റണ്ണര്‍ അപ്. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു.

നിയമത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദ പഠനം നടത്തുന്ന ക്രിസ്റ്റിന മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്‌കോവ ഫൗണ്ടേഷന്‍ എന്ന പേരില്‍ സന്നദ്ധ സ്ഥാപനവും 24-കാരി നടത്തുന്നുണ്ട്.

ന്യൂഡല്‍ഹിയില്‍ നടന്ന പ്രാഥമിക ഘട്ടത്തില്‍ വിജയികളായവരില്‍ നിന്ന് 40 പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് ആദ്യം തെരഞ്ഞെടുത്തത്. ഇവരില്‍ നിന്ന് 12 പേരെ ഭൂഖണ്ഡാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തു. പിന്നീട് എട്ടു പേരിലേക്കും നാല് പേരിലേക്കും ചുരുങ്ങി. എല്ലാവരും സാധ്യത കല്‍പിച്ചിരുന്ന മിസ് ബോട്‌സ്വാനയെ പിന്തള്ളിയാണ് മിസ് ചെക്ക് റിപ്പബ്ലിക്കിന്റെ കിരീടനേട്ടം.

മിസ് വേള്‍ഡ് ഏഷ്യയായി മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണിനെയാണ് തെരഞ്ഞെടുത്ത്ത്. മിസ് വേള്‍ഡ് ഓഷ്യനായി മിസ് ഓസ്‌ട്രേലിയ ക്രിസ്‌റ്റെന്‍ റൈറ്റും മിസ് വേള്‍ഡ് ആഫ്രിക്കയായി മിസ് ബോട്‌സ്വാന ലെസെഗോ ചോംബോയും മിസ് വേള്‍ഡ് യൂറോപ്പായി മിസ് ഇംഗ്ലണ്ട് ജെസിക്ക ആഷ്‌ലേയും മിസ് വേള്‍ഡ് അമേരിക്കാസ് ആയി മിസ് ബ്രസീല്‍ ലെറ്റീസിയ ഫ്രോട്ടോയും മിസ് വേള്‍ഡ് കരീബിയനായി മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ ആച്ചെ എബ്രഹാമും കിരീടം ചൂടി.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ 12 അംഗ ജഡ്ജിമാരുടെ പാനലാണ് മത്സരാര്‍ഥികളെ വിലയിരുത്തിയത്. ചലച്ചിത്ര നിര്‍മാതാവ് സാജിദ് നദിയാദ്‌വാല, അഭിനേതാക്കളായ കൃതി സനോന്‍, പൂജ ഹെഗ്‌ഡെ, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ്, മാധ്യമ പ്രവര്‍ത്തകന്‍ രജത് ശര്‍മ, സാമൂഹിക പ്രവര്‍ത്തക അമൃത ഫഡ്‌നാവിസ് എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

ചലച്ചിത്ര നിര്‍മാതാവ് കരണ്‍ ജോഹറും മുന്‍ ലോക സുന്ദരി മേഗന്‍ യംഗുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ഗായകരായ നേഹ കക്കര്‍, ടോണി കക്കര്‍, ഷാന്‍ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരീസായ ഹീരമാണ്ഡിയിലെ താരങ്ങളും വേദിയിലെത്തി. മനീഷ കൊയ്‌രാള, സൊണാക്ഷി സിന്‍ഹ, അദിതി റാവു, റിച്ച ഛദ്ദ, ഷര്‍മില്‍ സെഗാള്‍, സഞ്ജീദ ഷെയ്ഖ് എന്നിവര്‍ മത്സരാര്‍ഥികള്‍ക്കൊപ്പം റാംപില്‍ ചുവടുവെച്ചു.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസ് വേള്‍ഡ് മത്സരം ഇന്ത്യയില്‍ നടക്കുന്നത്. 1996ല്‍ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ നിന്നുള്ള ഐറിന്‍ സ്‌ക്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker