KeralaNews

മെസി ഇന്‍റർ മയാമിയിൽ,ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ്, കരാർ നിബന്ധനകൾ ഇങ്ങനെ

മയാമി: അർജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായി ഔദ്യോഗിക പ്രഖ്യാപനവുമായി മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. ഫ്ലോറിഡയില്‍ ഇന്ന് ഞായറാഴ്ച നടക്കുന്ന അവതരണ ചടങ്ങിന് മുന്നോടിയായാണ് മയാമിയുടെ പ്രഖ്യാപനം. പിഎസ്ജിയിലെ രണ്ട് വർഷം കരാർ പൂർത്തിയാക്കി വരുന്ന മെസിക്ക് 2025 സീസണിന്‍റെ അവസാനം വരെ ഇന്‍റർ മയാമിയുമായി കരാറുണ്ടാകും.

മൂന്ന് വർഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മുപ്പത്തിയാറുകാരനായ താരത്തെ ക്ലബിലെത്തിച്ചിരിക്കുന്നത് എന്ന് ഇന്‍റർ മയാമി ഉടമ യോർഗെ മാസ് വ്യക്തമാക്കി. വർഷം 60 മില്യണ്‍ ഡോളറായിരിക്കും മെസിയുടെ പ്രതിഫലം. കൂടുതല്‍ കരാർ വ്യവസ്ഥകളുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. മെസിക്ക് ക്ലബില്‍ സഹഉടമസ്ഥാവകാശം ഉള്‍പ്പടെയുള്ള ഓപ്ഷനുണ്ട് എന്നാണ് ഇഎസ്‍പിഎന്നിന്‍റെ റിപ്പോർട്ട്. 

കരിയറിലെ പുതിയ ചുവടുവെപ്പായി അമേരിക്കയിലെ ഇന്‍റർ മയാമിയുമായി ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ലിയോണല്‍ മെസി പറഞ്ഞു. ‘മികച്ച ഫുട്ബോള്‍ പദ്ധതി തയ്യാറാകുന്നതിനുള്ള സുവർണാവസരമാണിത്. എന്‍റെ പുതിയ വീടായ ഇവിടെ ക്ലബിന്‍റെ പുതിയ സ്വപ്നങ്ങള്‍ പൂർത്തിയാക്കാന്‍ സഹായിക്കാനുള്ള വ്യഗ്രതയിലാണ് ഞാന്‍’ എന്നും മെസി കൂട്ടിച്ചേർത്തു.

മുന്‍ ക്ലബായ ബാഴ്സയുടെയും സൗദി പ്രോ ലീഗില്‍ നിന്നുള്ള വമ്പന്‍ ഓഫറും നിരസിച്ചാണ് മേജർ സോക്കർ ലീഗിലേക്ക് മെസി ചേക്കേറിയത്. പ്രഥമ ലീഗ് കപ്പില്‍ കളിച്ച് ജൂലൈ 21ന് ലിയോണല്‍ മെസി ഇന്‍റർ മയാമിക്കായി അരങ്ങേറും. ബാഴ്സയില്‍ സഹതാരങ്ങളായിരുന്ന സെർജിയോ ബുസ്‍കറ്റ്സും ജോർഡി ആല്‍ബയും മയാമിയില്‍ മെസിക്കൊപ്പം ഒരുമിക്കും. 

സ്വാഗതം ചെയ്ത് ബെക്കാം

‘പത്ത് വർഷം മുമ്പ് മയാമിയില്‍ പുതിയ ക്ലബ് തുടങ്ങുമ്പോള്‍, ലോകത്തെ മികച്ച താരങ്ങളെ എത്തിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇന്നാ സ്വപ്നം സഫലീകരിക്കപ്പെട്ടിരിക്കുന്നു. ലിയോയോ പോലെ പ്രതിഭാസമ്പന്നനായ താരം ക്ലബിലെത്തിയതില്‍ സന്തോഷമുണ്ട്. നല്ല സുഹൃത്തും മഹാനായ മനുഷ്യനുമായ മെസിയെയും കുടുംബത്തേയും ഇന്‍റർ മയാമിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഞങ്ങളുടെ ദൗത്യത്തിന്‍റെ അടുത്ത ഘട്ടം തുടങ്ങുകയായി. മെസി മൈതാനത്തിറങ്ങുന്നത് കാണാനായി അക്ഷമനായി കാത്തിരിക്കുകയാണ്’ എന്നും ടീം സഹ ഉടമ ഡേവിഡ് ബെക്കാം പ്രതികരിച്ചു. മെസി മേജർ ലീഗ് സോക്കറിലേക്ക് വരുന്നതിന്‍റെ സന്തോഷം ടൂർണമെന്‍റ് സംഘാടകരും പങ്കുവെച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker