‘പിണറായി ചെങ്കൊടി പിടിച്ച വര്‍ഗ്ഗ വഞ്ചകന്‍’ വയനാട് പ്രസ് ക്ലബിലേക്ക് മാവോയിസ്റ്റുകളുടെ കത്ത്
കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എതിരേ മാവോയിസ്റ്റുകളുടെ കത്ത്. വയനാട് പ്രസ് ക്ളബ്ബിലേക്കാണ് കത്ത് വന്നത്. ഭരണകൂട ഭീകരതയ്ക്കെതിരേ തെരുവില്‍ ഇറങ്ങണമെന്നാണ് കത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 31 എന്ന് തീയതിയുള്ള കത്ത് വയനാട് മേപ്പാടിയില്‍ നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലുള്ള കുറിപ്പ് തപാല്‍മാര്‍ഗ്ഗമാണ് പ്രസ്‌ക്ളബ്ബിലെത്തിയത്. മാവോ വാദികളെ കൊലപ്പെടുത്തിയതിലൂടെ പിണറായി വിജയനും കോടിയേരിയും ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോഡിയുടെ പാദസേവകരാണെന്ന് തെളിയിച്ചെന്നും കത്തില്‍ ആരോപിക്കുന്നു. ജനകീയ മാവോവാദി വിപ്ളവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂട നടപടിയെ അപലപിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ പിണറായി വിജയനെ തിരിച്ചറിയണമെന്നും ചെങ്കൊടി പിടിച്ച വര്‍ഗ്ഗ വഞ്ചകനെന്നുമാണ് പരാമര്‍ശിക്കുന്നത്.