സര്‍ക്കാര്‍ ഓഫീസില്‍ ഹെല്‍മെറ്റ് ധരിച്ച് ജോലി ചെയ്ത് ജീവനക്കാര്‍; കാരണം ഇതാണ്
ലഖ്‌നൗ: ഹെല്‍മറ്റ് ധരിച്ച് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിന്നു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ വൈദ്യുതി ഓഫീസിലെ ജീവനക്കാരുടെ ചിത്രമാണ് പ്രചരിച്ചത്. ഓഫീസില്‍ ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരിക്കുന്നതിന്റെ കാരണമായിരിന്നു പലര്‍ക്കും അറിയേണ്ടത്. ഒടുവില്‍ കാരണം അന്വേഷിച്ചപ്പോഴാണ് ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നം പുറത്തുവന്നത്.
ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജോലിക്കിടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ഇതിനാല്‍ ജോലിക്കിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് തങ്ങള്‍ ഹെല്‍മെറ്റ് വെച്ച് ജോലിചെയ്യുന്നതെന്നാണ് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്. കെട്ടിടത്തിന്റെ ഈ അവസ്ഥയെക്കുറിച്ച് നിരവധിതവണ ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തങ്ങളില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാലേ അവര്‍ കെട്ടിട്ടം പുതുക്കിപ്പണിയുകയുള്ളൂവെന്നും ഒരു ജീവനക്കാരന്‍ പ്രതികരിച്ചു.