യുവതിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളും കോളുകളും! അന്വേഷണം ചെന്നെത്തിയത് ഡേറ്റിങ് ആപ്പില്‍; 19കാരന്‍ അറസ്റ്റില്‍
ചെന്നൈ: ബേക്കറിയിലെത്തിയ യുവതിയുടെ മൊബൈല്‍ നമ്പര്‍ ഡേറ്റിങ് ആപ്പില്‍ അപ്‌ലോഡ് ചെയ്ത പത്തൊമ്പതുകാരന്‍ പിടിയില്‍. യുവതിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളും ഫോണ്‍ കോളുകളും എത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തൊമ്പതുകാരന്‍ പിടിയിലായിരിക്കുന്നത്.
തമിഴ്നാട് വില്ലുപുരത്ത് ബേക്കറി തൊഴിലാളിയായ വെങ്കിടേഷ് എന്ന 19 കാരനാണ് അറസ്റ്റിലായത്. യുവതി ബേക്കറിയില്‍ കേക്ക് ഓര്‍ഡര്‍ ചെയ്യാനെത്തിയപ്പോഴായിരുന്നു ഇയാള്‍ക്ക് അവരുടെ നമ്പര്‍ ലഭിച്ചത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു ഇവര്‍ കേക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ബേക്കറിയില്‍ എത്തിയത്. ഇവിടെ വെച്ച് ലഭിച്ച നമ്പറാണ് പത്തൊമ്പതുകാരന്‍ ഡേറ്റിങ് ആപ്പിലിട്ടത്.
ഫോണ്‍ കോളുകള്‍ പതിവായതോടെ അമ്പട്ടൂര്‍ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ നമ്പര്‍ അപ്‌ലോഡ് ചെയ്തയാളെ കണ്ടെത്താനായത്. ഡേറ്റിങ് ആപ്പില്‍ മറ്റൊരു പ്രൊഫൈലുണ്ടാക്കി ഇവരുടെ കുടുംബം മെസേജ് അയച്ചപ്പോഴാണ് യുവാവ് മറുപടി നല്‍കിയത്.
ഇയാളുടെ വിവരങ്ങള്‍ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇയാളുടെ ഫോണ്‍ കണ്ടെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു. നേരത്തെ ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഡേറ്റിങ് ആപ്പില്‍ സഹപാഠിയുടെ പ്രൊഫൈല്‍ ഉണ്ടാക്കിയെന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.