HealthKeralaNews

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസോലേഷന്‍ അനുവദിക്കും

കോട്ടയം: ജില്ലയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിന് അനുമതി നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ വീടുകളില്‍ ഉള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ജില്ലയില്‍ നൂറോളം രോഗികള്‍ക്ക് വീടുകളില്‍ കഴിയുന്നതിന് അനുമതി നല്‍കിയിരുന്നു. ഇത് വിജയകരമായിരുന്നു.

രോഗിക്കും വീട്ടിലെ അംഗങ്ങള്‍ക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും രോഗി താമസിക്കുന്ന മുറിയോടു ചേര്‍ന്ന് ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കിയശേഷമായിരിക്കും ഹോം ഐസൊലേഷന്‍ അനുവദിക്കുക. ആരോഗ്യ വകുപ്പിനും തദ്ദേശഭരണ സ്ഥാപനത്തിനുമാണ് പരിശോധനയുടെ ചുമതല.

പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ല. നിലവില്‍ ആരോഗ്യ ബ്ലോക്ക് തലത്തില്‍ വികേന്ദ്രീകരിച്ചിട്ടുള്ള കോവിഡ് ചികിത്സാ സംവിധാനം പ്രാഥമികാരോഗ്യ കേന്ദ്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഹോം ഐസോലേഷന്‍ ഏര്‍പ്പെടുത്തുന്നത്.

രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കാന്‍ ആരോഗ്യ വകുപ്പില്‍നിന്ന് ബന്ധപ്പെടുമ്പോള്‍ ഹോം ഐസൊലേഷനില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇക്കാര്യം അറിയിക്കാം.

വീടുകളില്‍ കഴിയുന്ന രോഗികളെ എല്ലാ ദിവസവും വകുപ്പില്‍നിന്ന് ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തും. പനി, ശ്വാസതടസം, തൊണ്ടവേദന, നടക്കുമ്പോഴോ സംസാരിക്കുമ്പോഴോ കിതപ്പ്, രുചിയും മണവും നഷ്ടപ്പെടുക, ക്ഷീണം എന്നിവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

പത്താം ദിവസം സ്രവപരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഐസോലേഷനില്‍നിന്ന് ഒഴിവാക്കും. ഏഴു ദിവസം കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.

വീടുകളില്‍ കഴിയുന്നവരെ ആവശ്യമെങ്കില്‍ ഏതുസമയത്തും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് എത്തുവാന്‍ മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിക്കില്ല.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് സ്വന്തം വീട്ടില്‍തന്നെ കഴിയുവാന്‍ അവസരമൊരുക്കുന്നതിലൂടെ ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി പരമാവധി പ്രയോജനപ്പെടുത്താനാകും.

ഹോം ഐസോലേഷന്‍ അനുവദിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ കോവിഡ് പരിശോധനയ്ക്ക് സന്നദ്ധരാകുമെന്നും രോഗമുണ്ടെങ്കിലും ലക്ഷണമില്ലാത്ത പരമാവധി ആളുകളെ കണ്ടെത്തി പരിശോധന നടത്തി സമ്പര്‍ക്ക രോഗബാധ കുറയ്ക്കാനാകുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker