EntertainmentKeralaNews

ജനങ്ങളുടെ പണം മുടക്കിയുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി,വെട്ടിലായി സർക്കാർ

കൊച്ചി:സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ട എന്നാണ് താരം പറഞ്ഞത്. നിർമാതാവ് ബാദുഷയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

താൻ ഇന്ന് മമ്മൂട്ടിയുടെ വീട്ടിൽ പോയി സംസാരിച്ചുകൊണ്ടിരിക്കവെയാണ് മന്ത്രി സജി ചെറിയാൻ അദ്ദേഹത്തെ വിളിച്ചത്. മമ്മൂട്ടിയുടെ പ്രതികരണം കേട്ടപ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്ന് ബാദുഷ പറയുന്നു.

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് മനസിന് ഏറെ കുളിർമയും സന്തോഷവും നൽകുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആൻ്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടിൽ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോൺ വിളി എത്തുന്നത്. ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ ആയിരുന്നു അത്. മമ്മുക്ക സിനിമയിൽ എത്തിയതിൻ്റെ 50-ാം വർഷത്തിൽ സർക്കാർ വലിയ ഒരു ആദരവ് നൽകുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാൽ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്.

ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയിൽ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്.

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ പങ്കുവച്ചതും. എന്നാല്‍ കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതുപോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയത്. എന്നാല്‍ ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു.

നേരത്തെ കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. കേരള പകര്‍ച്ചവ്യാധി നിയമപ്രകാരം എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.

കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി.ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകൾ നടന്മാരുടെ ചുറ്റും കൂടിയത്. സിനിമാ നിർമാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനെതിരെയും കേസെടുത്തിട്ടുണ്ട്.

ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 4, 5, 6 പ്രകാരമാണ് കേസ്. രണ്ട് വര്‍ഷം തടവോ 10,000രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker