NationalNews

മോദിക്കെതിരായ പരാമർശം: ഔദ്യോഗിക പ്രസ്താവനയിറക്കി മാലദ്വീപ്, 3 മന്ത്രിമാർക്ക് സസ്‌പെൻഷൻ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്ത് മാലദ്വീപ്. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയിൽ മാലദ്വീപ് വ്യക്തമാക്കിയിരുന്നു.

വിദേശ നേതാക്കള്‍ക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്.

അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂര്‍ണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലദ്വീപിലേതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികാരികള്‍ മടിക്കില്ലെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സില്‍ നിന്നും ഇത് നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു.

രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സില്‍ കുറിച്ചു. ഈ പോസ്റ്റും പിന്നീട് വലിയ വിവാദമായി.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker