സംസ്ഥാനത്ത് മദ്യത്തിന് വില കുത്തനെ കൂടും; വര്‍ധന 10 മുതല്‍ 35 ശതമാനം വരെ
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാനത്ത് വിദേശമദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യത്തിന് 10 ശതമാനം മുതല്‍ 35 ശതമാനം വരെ സെസ്സ് ചുമത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് പുതിയ സെസ്സ് ചുമത്തുന്നത്.
കുറഞ്ഞ മദ്യത്തിന് 10 ശതമാനവും വില കൂടിയ മദ്യത്തിന് 35 ശതമാനം വരെയും നികുതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് അന്‍പത് രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. കെയ്സിന് 400 രൂപയില്‍ കൂടുതല്‍ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ബാറുകളിലൂടെ മദ്യം പാഴ്സലായി കൊടുക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യേണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ മദ്യവില്‍പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്‍പന തുടങ്ങാനാണ് നീക്കം. നിലവിലെ സാഹചര്യത്തില്‍ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
മെയ് 17ന് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്‍നപനയ്ക്കുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.