മലപ്പുറത്ത് ബ്ലാക്ക് മാന്റെ മറവില്‍ മുഖംമൂടി സംഘത്തിന്റെ മോഷണ ശ്രമം; വീട്ടമ്മ ബഹളം വെച്ചതോടെ മതില്‍ ചാടി രക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് ബ്ലാക്ക്മാന്റെ മറവില്‍ മുഖംമൂടി സംഘം വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം. എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടി പറമ്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് കവരാന്‍ ശ്രമിച്ചത്.

മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം യുവതിയെ അടുക്കളയില്‍ നിന്ന് പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ടു പോയി. ശേഷം കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി മാലയും കമ്മലും വലിച്ചു പൊട്ടിച്ചു. കവര്‍ച്ചാ ശ്രമത്തിനിടെ യുവതി ബഹളംവച്ചതോടെ സംഘം മതില്‍ ചാടി ബൈക്കില്‍ രക്ഷപ്പെട്ടു. വീട്ടുകാര്‍ പുറത്തിറങ്ങാതിരിക്കാന്‍ മോഷ്ടാക്കള്‍ തന്നെ അടുക്കള വാതില്‍ പൂട്ടിയിട്ടതായും നാട്ടുകാര്‍ പറയുന്നു.

മൂന്നു ദിവസമായി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മുഖം മൂടി ധരിച്ചത്തിയ സംഘം ആളുകള്‍ ബഹളംവച്ചതോടെ ഓടി രക്ഷപ്പെട്ടിരുന്നു. ബ്ലാക്ക്മാന്‍ എന്ന നിലയിലാണ് പ്രദേശത്ത് ദുരൂഹത പടരുന്നത്. നിലമ്പൂര്‍ സി.ഐ ടി.എസ് ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News