കേരളത്തിൽ എൽ ഡി എഫിന് ഭരണത്തുടർച്ച, സർവേ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം; കേരളത്തിൽ പിണറായി വിജയൻ സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടർ അഭിപ്രായ സർവ്വേ . കേരളത്തിൽ പിണറായി തരംഗം ആവർത്തിക്കുമെന്ന ഐഎഎൻഎസ്, സി വോട്ടർ സർവ്വ പ്രവചനത്തിന് പിന്നാലെയാണ് എൽഡിഎഫ് തന്നെ ഭരണം നേടുമെന്നുള്ള പുതിയ പ്രവചനം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ ഇടത് തരംഗം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് എബിപി, സി വോട്ടർ സർവ്വേ പ്രവചിക്കുന്നത്. സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ വിവാദം തുടങ്ങി സർക്കാരിനെതിരെ വലിയ വിവാദങ്ങൾ ആളികത്തിയിട്ടും അത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നില്ല. 101 നിയമസഭ മണ്ഡലങ്ങളിലും മുന്നിലെത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ 81 മുതൽ 89 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്നാണ് സർവ്വേ പ്രവചനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 91 സീറ്റുകൾ നേടിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരം നേടിയത്. 41.6 ശതമാനം വോട്ടുകളാണ് എൽഡിഎഫിന് തിരഞ്ഞെടുപ്പിൽ പ്രവചിക്കുന്നത്.
അതേസമയം യുഡിഎഫിന് 49 മുതൽ 57 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 57 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഇക്കുറി വോട്ട് വിഹിതം 34.6 ശതമാനം ആയിരിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.എന്നാൽ ബിജെപിക്ക് സംസ്ഥാനത്ത് ഇക്കുറി രണ്ട് സീറ്റുകൾ വരെ പിടിക്കാൻ സാധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു.