രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ അർണബ് ഗോസ്വാമിക്ക് ചോർന്ന് കിട്ടി, വാട്‍സ് ആപ്പ് ചാറ്റ് പുറത്ത്, അന്വേഷണം വേണമെന്ന ആവശ്യം ശക്തം
ന്യൂഡൽഹി:രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് ചോർന്ന് കിട്ടിയെന്ന് തെളിയിക്കുന്ന വാട്‍സ് ആപ്പ് ചാറ്റ് പുറത്ത് വന്നതോടെ വിശദമായ അന്വേഷണത്തിനായി ആവശ്യം ശക്തമാകുന്നു. ചാനലിന്‍റെ വാണിജ്യ നേട്ടത്തിനായി സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന് ശശി തരൂർ എംപി ആരോപിച്ചു.
ടിആർപി തട്ടിപ്പിൽ അറസ്റ്റിനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് തുടങ്ങിയതിനിടെ അർണബ് പ്രവർത്തനം ദില്ലിയിലേക്ക് മാറ്റി. പുൽവാമ ആക്രമണത്തിന് പിന്നാലെ റേറ്റിംഗ് ഏജൻസിയായ ബാർക്കിന്‍റെ മുൻ സിഇഒയോട് ഈ ആക്രമണത്തിൽ നമ്മൾ ജയിച്ച് കഴിഞ്ഞെന്ന് ആവേശത്തോടെ അർണബ് പറയുന്നതാണ് ചാറ്റിലുള്ളത്.
വലിയ ആൾക്ക് ഇത് ഗുണം ചെയ്യുമെന്നും തെരഞ്ഞെടുപ്പിൽ അദ്ദേഹം വലിയ വിജയം നേടുമെന്നുമായിരുന്നു ഇതിന് പാർഥോ ദാസ്ഗുപ്തയുടെ മറുപടി. പുൽവാമ ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഗുഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപിക്കുന്ന പാക് മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കി.
ബാലാകോട്ട് ആക്രമണത്തെക്കുറിച്ചുള്ള വിവരം അർണബിന് ചോർന്ന് കിട്ടിയെന്നും ചാറ്റിലുണ്ട്. സാധാരണ ആക്രമണത്തെക്കാൾ വലുത് പാക്കിസ്ഥാനെതിരെ നടത്താൻ പോവുന്നെന്നാണ് ആക്രമണത്തിന് രണ്ട് ദിവസം മുൻപ് പാർഥോ ദാസിനോട് അർണബ് പറയുന്നത്. ഗുരുതരമായ വിവരങ്ങൾ പുറത്ത് വന്നതോടെ ജെപിസി അന്വേഷണ ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.
സൈനിക രഹസ്യങ്ങൾ ചോർന്ന് കിട്ടിയാൽ അത് പാക്കിസ്ഥാന് കൈമാറില്ലെന്ന് എന്താണ് ഉറപ്പെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം ഇന്നലെ ചോദിച്ചിരുന്നു. ചാനലിന് നേട്ടമുണ്ടാക്കാനായി ഇത്തരം വിവരങ്ങൾ പങ്കുവച്ചത് അന്വേഷിക്കണമെന്ന് തരൂരും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മഹാരാഷ്ട്രയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ വിവാദങ്ങൾക്ക് പിന്നിൽ പാക് ഗൂഡാലോചനയെന്ന പ്രതിരോധമാണ് അർണാബും റിപ്പബ്ലിക് ടിവിയും ഉയർത്തുന്നത്.
അതേസമയം ടിആർപി തട്ടിപ്പിൽ അർണബിന്‍റെ പങ്കിനെക്കുറിച്ച് വ്യക്തമായി തെളിവുകൾ ശേഖരിച്ച് കഴിഞ്ഞെന്ന് പൊലീസ് പറയുന്നു. എന്നാൽ കേസ് തള്ളണമെന്നാവശ്യപ്പെട്ട് അർണബ് നൽകിയ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്ന ഈ മാസം 29വരെ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ് കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.