KeralaNewspravasi

കുവൈത്ത് തീപ്പിടുത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തില്‍ 40ലേറെ പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 21 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. 11 പേര്‍ മലയാളികളാണ്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. മരിച്ച 40 പേരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായി. ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരന്‍ പി.വി , വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്,  രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ചത്. 

മാംഗെഫില്‍ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പിലാണ് അഗ്‌നിബാധയുണ്ടായത്. പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അല്‍ അദാന്‍ ആശുപത്രിയില്‍ 30 ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഫര്‍വാനിയ ആശുപത്രിയില്‍ 6 പേര്‍ ചികിത്സയിലുണ്ട്. പരുക്ക് പറ്റി ചികിത്സയില്‍ ഉള്ളവര്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. മുഴുവന്‍ സഹായവും നല്‍കുമെന്ന് അംബാസഡര്‍ അറിയിച്ചു. 

കുവൈത്തില്‍ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന്  പ്രതിപക്ഷ നേതാവ്. 45ല്‍ അധികം മരണങ്ങളും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതുമായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker