ജീവനക്കാരികളുമായി സെക്സ്; തന്റെ കുട്ടികളെ പ്രസവിക്കാൻ ആവശ്യപ്പെട്ടു: ഇലോണ്‍ മസ്‌കിനെതിരെ റിപ്പോർട്ട്
വാഷിംഗ്ടണ്‍:സ്ത്രീകളുമായി ബന്ധപ്പെട്ട് വിവിധ വിവാദങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. തന്റെ കമ്പനികളിലെ വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ ഒരു ഇന്റേണ്‍ ഉള്‍പ്പടെ കമ്പനിയിലെ രണ്ട് ജീവനക്കാരികളുമായി ഇലോണ്‍ മസ്‌ക് ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടിരുന്നു എന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാന്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വനിതാ ജീവനക്കാരെ അസ്വസ്ഥരാക്കുന്ന ഒരു സംസ്‌കാരമാണ് സ്പേസ് എക്സിലും ടെസ്ലയിലും ഉള്‍പ്പടെ മസ്‌ക് നിര്‍മിച്ചെടുത്തിട്ടുള്ളതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌ക് തങ്ങളെ അസാധാരണമായ രീതിയില്‍ ശ്രദ്ധിച്ചിരുന്നുവെന്നും പിന്തുടര്‍ന്നിരുന്നുവെന്നും ടെസ്ലയിലെ രണ്ട് ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-ല്‍ താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പകരം ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്‌ക് വാഗ്ദാനം ചെയ്തതായി അദ്ദേഹത്തിന്റെ വിമാനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയത് മുമ്പ് വലിയ വിവാദമായതാണ്. തന്റെ കുട്ടികളെ പ്രസവിക്കാന്‍ മസ്‌ക് തന്നോട് പലതവണ ആവശ്യപ്പെട്ടതായി 2013-ല്‍ സ്പേസ് എക്സില്‍നിന്ന് രാജിവെച്ച മറ്റൊരു വനിതയും പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
11 മക്കളുള്ള മസ്‌ക് ലോക ജനസംഖ്യ ഉയര്‍ത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നയാളാണ്. ലോക ജനസംഖ്യ കുറയുകയാണെന്നും അത് പരിഹരിക്കാന്‍ ഉയര്‍ന്ന ഐ.ക്യൂ. ഉള്ള വ്യക്തികള്‍ കൂടുതല്‍ പ്രത്യുല്പാദനം നടത്തണമെന്നും ആഹ്വാനം ചെയ്യുന്നയാളാണ് മസ്‌ക്. സ്പേസ് എക്സില്‍ പ്രവര്‍ത്തിച്ചിരുന്നു ഒരു യുവതിയെ മസ്‌ക് പലതവണ രാത്രി വീട്ടിലേക്ക് ക്ഷണിച്ചുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇരുവരും തമ്മിലുള്ള ടെക്സ്റ്റ് മെസേജുകളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്പേസ് എക്സിന്റേയും മസ്‌കിന്റേയും അഭിഭാഷകര്‍ തള്ളി. ലൈംഗിക ആരോപണം, അവിഹിതം തുടങ്ങി മസ്‌ക് തന്റെ ജോലി സമയത്ത് എല്‍എസ്ഡി, കൊക്കെയ്ന്‍, എക്സ്റ്റസി, മഷ്റൂം, കെറ്റാമിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങളും മുമ്പ് ഉയര്‍ന്നിട്ടുണ്ട്.