KeralaNews

കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്. ആലുവയിലെ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. വൈകിട്ട് നാലരയോടെ ആലുവയ്ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പിലാണു സംസ്‌കാരം നടന്നത്.

എറണാകുളം കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച് ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമര്‍പ്പിക്കാനെത്തി.

രാവിലെ 9 മുതല്‍ 12 വരെ കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കാന്‍സര്‍ രോഗ ബാധിതയായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം ഇന്നലെ വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം കളമശ്ശേരി ടൗണ്‍ഹാളില്‍ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മലയാള സിനിമ ലോകമാകെ അവിടേക്കെത്തി.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി,ജോഷി, സത്യന്‍ അന്തിക്കാട് അങ്ങനെ സിനിമാ ലോകത്തെ പ്രമുഖരൊക്കെയും മലയാള സിനിമയുടെ അമ്മയ്ക്ക് ആദരം അര്‍പ്പിക്കാന്‍ വന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി പി രാജീവ് റീത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ച്. മൂന്നു മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിയോടെ വിട്ടുവളപ്പില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

കവിയൂര്‍ പൊന്നമ്മയുടെ വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേര്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്‍ ദിലീപ്, നടിമാരായ മഞ്ജു പിള്ള, ജോമോള്‍, സരയൂ, സംവിധായകരായ സിബിമലയില്‍, ബി.ഉണ്ണിക്കൃഷ്ണന്‍, നടന്‍ ചേര്‍ത്തല ജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

മലയാള സിനിമയിലെ അമ്മ മുഖമായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാടകത്തില്‍ നിന്നായിരുന്നു സിനിമാ ലോകത്തേയ്ക്ക് എത്തിയത്. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. കുടുംബിനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി കവിയൂര്‍ പൊന്നമ്മ തിളിങ്ങി. 2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് കവിയൂര്‍ പൊന്നമ്മയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker