HealthNews

പരസ്ത്രീ ബന്ധം പുലര്‍ത്തുന്നില്ല എന്നത് മാത്രമാണോ ഒരു ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുക്കേണ്ട നീതി..?പുരുഷന്‍മാര്‍ക്കായി ഒരു കുറിപ്പ്

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

വളരെ മോശം ഭാര്തതാവായിരിക്കും.,പക്ഷെ അച്ഛന്‍ എന്ന നിലയില്‍ ഒരു വന്‍ വിജയവും
മോശം ഭര്‍തതാവാകുന്നതിനു പിന്നില്‍ ,ഭാര്യ കാരണക്കാരി ആകാം,, അല്ലായിരിക്കാം..
എന്ത് തന്നെ ആയാലും , അച്ഛന്‍ എന്ന നിലയ്ക്കുള്ള വിജയം ആ കുടുംബ ബന്ധം മുന്നോട്ടു കൊണ്ട് പോകാനുള്ള കാരണം ആയി തീരും..
പ്രത്യേകിച്ച് പെണ്മക്കള്‍ ഉള്ളപ്പോള്‍..
മോള്‍ക്ക് അച്ഛനോട് ഒരിഷ്ടകൂടുതല്‍ എന്നൊരു മനഃശാസ്ത്രം ഉണ്ടല്ലോ..!
പക്ഷെ അച്ഛനെ അങ്ങേയറ്റം വെറുക്കുന്ന ഒരു മകളെ ഞാന്‍ അടുത്ത് കണ്ടു..
‘അമ്മ പൊരുത്തപ്പെട്ടാല്‍ പോലും തനിക്കു അച്ഛനെ ഉള്‍കൊള്ളാന്‍ ആകില്ല എന്ന് ശക്തമായി അലറിയ ഒരു മകള്‍..
ഇരുപത്തി നാല് വയസ്സ് വരെ താന്‍ അനുഭവിച്ച കടുത്ത അപമാനത്തിനു അച്ഛനെ ജന്മത്ത് സ്‌നേഹിക്കാന്‍ തനിക്കാവില്ല എന്നവള്‍ പറഞ്ഞു..
അവളുടെ അച്ഛന്‍ അങ്ങേരുടെ
കുടുംബത്തിലെ ഒറ്റ ആണ്‍ തരി ആയിരുന്നു..
അവനെ സ്‌നേഹക്കൂടുതല്‍ കൊണ്ട് തുലാഭാരം നടത്തി വളര്‍ത്തിയ വീട്ടുകാര്‍ , ഉത്തരവാദിത്വം പഠിപ്പിക്കാന്‍ മാത്രം മറന്നു.
ആണ്‍കുട്ടി, അതും കുടുംബത്തിലെ ഒരേ ഒരു പുരുഷസന്താനം..
അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്ഥാനം കിട്ടി വളരുന്ന പലര്‍ക്കും ,
അവസാനം സ്വയം ചുമക്കാന്‍ ഭാരമുള്ള വസ്തു ഒന്ന് ചുമലില്‍ ഉണ്ടാകും..
അവനവനെ തന്നെ പൊതിഞ്ഞു പിടിക്കുന്ന ”ബഹുമാനപെട്ട ഞാന്‍” എന്ന ഭാരം..
തനിക്കു ശേഷം പിന്നെ പ്രളയം.!
പഠിക്കാന്‍ മിടുക്കന്‍ കൂടി ആയാല്‍ പിന്നെ പറയേണ്ട..
കുടുംബത്തിലെ പെണ്‍കുട്ടികളെ തല്ലാന്‍ , ചവിട്ടാന്‍ ഒക്കെ ഉള്ള അധികാരം അവനുണ്ട്..
പതിച്ചു കൊടുത്തിരിക്കുക ആണ്..!
ഇത്തരക്കാര്‍ , മറ്റൊരു സ്ഥലത്തു എത്തുമ്പോള്‍ ആണ് പ്രശ്‌നം തുടങ്ങുക..
സ്വന്തം ബിസിനസ് ആണെങ്കില്‍ പിന്നേം പിടിച്ച് നില്‍ക്കാം..
മറ്റൊരാളോട് താഴ്ന്നു നിന്ന് ശീലമില്ലാത്ത ഒരാള്‍ക്ക് വേറെ സ്ഥാപനത്തിലെ ജോലി ബുദ്ധിമുട്ടു തന്നെ ആകും..
ഈ കുട്ടിയുടെ അച്ഛനും അതാണ് പറ്റിയത്,…
മിടുക്കനായ അദ്ദേഹത്തിന് ജോലി സ്ഥലത്ത് ഒന്നും തന്നെ പിടിച്ച് നില്ക്കാന്‍ ആയില്ല..
വഴക്കിട്ടു ഇറങ്ങേണ്ടി വരും..
ആരുമായും പൊരുത്തപ്പെടാന്‍ വയ്യ..
ഒരു മകള്‍ ആയതിനു ശേഷവും സ്വഭാവത്തിന് ഒരു മാറ്റവുമില്ല..
എന്ന് മാത്രമല്ല..കുടിയും തുടങ്ങി..
അതൊടുവില്‍ മുഴു കുടിയന്‍ എന്ന ഘട്ടം എത്തി
ആദ്യമൊക്കെ വീട്ടുകാര്‍ ചെല്ലും ചിലവും കൊടുത്തു , പിന്നെ നമ്മുടെ കേരളത്തിലെ അലിഖിതമായ നിയമം ഉണ്ടല്ലോ..
അതൊക്കെ പെണ്വീട്ടുകാരുടെ ഉത്തരവാദിത്വം,.
കുട്ടിയുടെ അമ്മാവന്മാരുടെ തണലില്‍ കുറെ നാള്‍…
സ്വാതന്ത്ര്യ കുറവും ദുരഭിമാനവും തോന്നിയപ്പോള്‍..,
വീണ്ടും അയാള്‍ സ്വന്തം കുടുംബത്തില്‍ ചേക്കേറി..
ഇതൊക്കെ സാധാരണ കേട്ട് കേള്വിയുള്ള കഥകള്‍ …

എല്ലാമുണ്ട്.., പക്ഷെ അതൊക്കെ ആരുടെ ഒക്കെയോ ദയ ആണ്..
രാത്രിയില്‍ എന്റെ ‘അമ്മ ഏങ്ങി കരയുന്നത് കേട്ട് അവരെ മുറുക്കി കെട്ടിപിടിച്ചു കിടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട്..
അച്ഛനെ കുത്തിക്കൊല്ലണം എന്ന്..
അത്ര പാവമാ എന്റെ ‘അമ്മ..
ഇത്രയും ദ്രോഹിച്ചിട്ടു പോലും അച്ഛനെ കുറിച്ച് ഒരു അക്ഷരം മോശം പറഞ്ഞു കേട്ടിട്ടില്ല..
വളര്‍ന്നു കഴിഞ്ഞപ്പോള്‍ , തറവാട്ടിലെ എച്ചില്‍ തിന്നുന്ന പട്ടിയുടെ മാനസികാവസ്ഥ ആയിരുന്നു..
അനിയനും അമ്മയ്ക്കും അത്രത്തോളം പ്രശ്‌നമുണ്ടായില്ല..
പക്ഷെ എന്റെ മനസ്സെന്നും അപമാനത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു..
കൂടെ ഉള്ള മറ്റുകുട്ടികളുടെ , കുടുംബത്തിലെ ചില സ്ത്രീകളുടെ ഒക്കെ അടക്കി പറച്ചിലും കളിയാക്കിചിരിയും ഒരു പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിന്റെ അവസാനത്തെ അറ്റം വരെ ചെന്ന് കൊള്ളുമായിരുന്നു…
വാശിയോടെ പഠിച്ചത്, അതില്‍ നിന്നൊന്നു രക്ഷപെടാനായിരുന്നു..
ജോലി കിട്ടി ആ നിമിഷം മുതല്‍ അച്ഛന്‍ വീട്ടുകാര്‍ വിളിക്കുക ആണ്..
ഒരു വീടെടുത്ത് അച്ഛനും അമ്മയും അനിയനും ആയി ജീവിച്ചു കൂടെ എന്ന്..!
പറ്റില്ല..എന്ന് തറപ്പിച്ച് പറഞ്ഞപ്പോള്‍, ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് ..!
പാപം ആണത്രേ..
എന്ത് പാപം,,? ആര്‍ക്കു പാപം കിട്ടുമെന്ന്..!
ജന്മം നല്‍കിയത് കൊണ്ട് ആരും അച്ഛനും അമ്മയും ആകില്ല..
കടമ ചെയ്യണം..
എന്റെ അച്ഛന്‍ എനിക്ക് കാണിച്ച് തന്നിട്ടില്ല…എങ്ങനെ അത് ചെയ്യണം എന്ന്..!

ഉശിരോടെ പറഞ്ഞു നിര്‍ത്തുമ്പോള്‍,
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..
വിങ്ങിപൊട്ടുന്ന മനസ്സ് കാണാം..
എന്നെങ്കിലും ഒരു പക്ഷെ , അവള്‍ അച്ഛനോട് ക്ഷമിച്ചേക്കും..
അതിനവള്‍ക്കു സമയം കൊടുക്കുക..
ഭാര്യ ക്ഷമിച്ചു പിന്നെ മകള്‍ക്കെന്താ എന്ന് ചോദിക്കുന്നവര്‍ ,
അവളുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കണം…
അവള്‍ക്കു നിഷേധിക്കപ്പെട്ട സന്തോഷം , സമാധാനം , അതിന്റെ വില എന്താണെന്നു അന്നേരം മാത്രം മനസ്സിലാകും…

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്ന വേര്‍തിരിവ് ഇന്നും പല കുടുംബത്തിലും ഉണ്ട്..
അവന്‍ ആണല്ലെ..!?
ഇതാണ് പുരുഷനുള്ള പിന്തുണ..
എന്ത് കൊള്ളരുതായ്മയ്ക്കും…!
അങ്ങനെ ഒരുത്തന്‍ വളര്‍ന്നു വലുതായി പഠിച്ചു ഉദ്യോഗസ്ഥന്‍ ആയാലും മനോഭാവം മാറില്ല..
ബുദ്ധിയും മനസ്സും തമ്മില്‍ ഉള്ള വ്യത്യാസം..
ജീവിതത്തിലോട്ടു വന്നു കേറുന്ന പെണ്ണിന് അനുഭവിക്കാന്‍ അവന്‍ സങ്കടങ്ങള്‍ കൊടുത്തുകൊണ്ടേ ഇരിക്കും..
അതിനു പെണ്ണിന്റെ കുടുംബക്കാര്‍ക്കു പറയാന്‍ ഒന്നുണ്ടാകും..
അവളുടെ തലവിധി..!
ആണിനും ആകാം അല്‍പ്പം അച്ചടക്കവും ഒതുക്കവും.അല്ലെ..?
പെണ്ണ് ജനിച്ചു വീഴുന്ന ആ നിമിഷം തൊട്ടു കാത്തിരിക്കുക ആണ്..
വല്ലോം ചെയ്തു പഠിക്ക് പെണ്‍കൊച്ചെ..
അന്യ കുടുംബത്തില്‍ ചെന്ന് കേറേണ്ടവള്‍ ആണ്..
എന്ന ശ്ലോകം…!
എന്ത് കൊണ്ടാണ് ,
നോക്ക് , ഒരു പെണ്ണ് നിന്റെ ജീവിതത്തില്‍ വരുമ്പോള്‍ അവളെ നീ സ്‌നേഹത്തിലും കരുതലിലും ചേര്‍ത്ത് വെയ്ക്കണം..
നിന്റെ അമ്മയെ പോലെ,.പെങ്ങളെ പോലെ..കുടുംബത്തിലെ മറ്റു പെണ്ണുങ്ങളെ പോലെ ഒരുവള്‍ ആണ് അവളും..
അവളുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ് നീ..”
എന്ന് ഒരു ആണ്‍ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി വളര്‍ത്തുന്നില്ല..??
പെണ്ണുകെട്ടിയാല്‍ ചിലപ്പോള്‍ നന്നായേക്കും..
ഇത് കണ്ടു വരുന്ന മറ്റൊരു ക്രൂരത..
നാടിനും കുടുംബത്തിലും ശല്ല്യമായി തീര്‍ന്ന പുരുഷന് വേണ്ടി ബലി മൃഗം ആകാന്‍ നിയോഗപ്പെടുക ആണ് ഏതോ ഒരു പെണ്ണ്…!
അതിനെ കുറിച്ച് അറിഞ്ഞാലും ചില പെണ്‍ വീട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്..
”ചെക്കന് ചില്ലറ കുസൃതി ഒക്കെ ഉണ്ടായിട്ടുണ്ട്..ന്നാലും നല്ല കുടുംബം ..അതല്ലേ നോക്കേണ്ടത്,..മറ്റേതൊക്കെ അങ്ങ് വിവാഹം കഴിഞ്ഞു മാറിക്കൊള്ളും..”
ജാതകവും കുടുംബവും ഒന്നുമല്ല..
ചെക്കനും പെണ്ണുമാണ് നന്നാകേണ്ടത്..
ഇന്നും ഈ ഹൈ ടെക് യുഗത്തിലും
ഭാര്യയെ തല്ലുന്ന മകനെ, പ്രോത്സാഹിപ്പിക്കുന്ന അമ്മമാര്‍ മുക്കിലും മൂലയിലും ഉണ്ട്..
ജീവിതത്തിനോട് ഉള്ള കൊതി കൊണ്ട് ഒരുപക്ഷെ ,
ഭാര്യ താലി ചേര്‍ത്ത് വെച്ചെന്നു വരാം…
പക്ഷെ , ആ താലി ചുമക്കുന്ന ജീവനുള്ളില്‍ ഭാര്തതാവ് എന്ന വ്യക്തിയ്ക്ക് പുല്ലു വില ആകും..!
സമൂഹത്തിനെ ഭയന്ന് പുറമെ കാണിക്കില്ല..എങ്കില്‍ കൂടി..

പരസ്ത്രീ ബന്ധം ഒന്നുമില്ല..പിന്നെന്താ ?
അറപ്പാണ് ഈ ചോദ്യത്തോട്..!
പരസ്ത്രീ ബന്ധം പുലര്‍ത്തുന്നില്ല എന്നത് മാത്രമാണോ ഒരു ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുക്കേണ്ട നീതി..?
അമ്മയ്ക്ക് ആ ആശ്വാസം മതിയായിരിക്കും..
പക്ഷെ , എനിക്ക് അത് പോരാ..!

മകള്‍ , അച്ഛനെ തള്ളി പറഞ്ഞതില്‍ തീര്‍ച്ചയായും ”അവളുടേതായ ”” ശെരി ഉണ്ട്..

ഞാന്‍ തിരുത്തുന്നതിനെ കാള്‍, അവള്‍ സ്വയം മാറുമ്പോള്‍ ആണ് ഭംഗി..
തിരുത്താന്‍ എനിക്ക് അവകാശമില്ല..
കാലം മുറിവുകള്‍ ഉണക്കട്ടെ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker