ശബരിമലയില്‍ ഇനിയും പോകുമെന്ന് രഹ്ന ഫാത്തിമ,ജോലി നഷ്ടമായതിനെ കരഞ്ഞല്ല നേരിടുക,ഓണ്‍ലൈന്‍ വാണിഭമെന്ന് ആക്ഷേപിച്ചാലും യൂട്യൂബ് ചാനലുമായി മുന്നോട്ടുപോകുമെന്നും വിവാദനായിക
കൊച്ചി ബി.എസ്.എന്‍.എല്ലില്‍ നിന്നു നിര്‍ബന്ധിത വിരമിയ്ക്കല്‍ നല്‍കിയതുകൊണ്ടൊന്നും ശബരിമലയില്‍ കയറാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് രഹ്ന ഫാത്തിമ.ആവിഷ്‌കാര സ്വാതന്ത്രത്തിനും ആരാധനാ സ്വാതന്ത്രത്തിനുമുള്ള കോടതിവിധികള്‍ ശക്തമായി തന്നെ നിലനില്‍ക്കുമ്പോള്‍ ശബരിമലയില്‍ പോകാനുള്ള അവകാശത്തില്‍ നിന്ന് ആര്‍ക്കും പിന്തിരിപ്പിയ്ക്കാനാവില്ല.ശബരിമല യുവതിപ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോള്‍ ഇതേ വിഷയത്തിലുള്ള ബി.എസ്.എന്‍.എല്ലിന്റെ അച്ചടക്ക നടപടി കോടതിവിധിയേ വെല്ലുവിളിയ്ക്കുന്നതിന് തുല്യമാണ്.
ഞാന്‍ കരയുമെന്ന് കരുതി,എന്റെ കരച്ചില്‍ ആഗ്രഹിയ്ക്കുന്നവരാണ് ജോലി കളഞ്ഞതിന് പിന്നില്‍.പക്ഷെ കരയില്ല.നേരിടുകതന്നെ ചെയ്യും.നിലവില്‍ പ്രവര്‍ത്തനമാരംഭിച്ചിരിയ്ക്കുന്ന തന്റെ പേരിലുള്ള യൂ ട്യൂബ് ചാനലില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കും.ചിലര്‍ അതിനെ ഓണ്‍ലൈന്‍ വാണിഭമെന്നും വിളിച്ചേക്കും,താന്‍ വകവെയ്ക്കില്ല.അറിയാവുന്ന കാര്യങ്ങള്‍ ചെയ്തു ജീവിയ്ക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകളുണ്ട്.ഇനിയും തന്നെ സ്‌നേഹിയ്ക്കുന്നവരുടെ ആവശ്യമുണ്ട് രഹ്ന ഫാത്തിമ പറഞ്ഞു.
നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കി തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയ ബിഎസ്എന്‍എല്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് രഹ്ന ഫാത്തിമ. പതിമൂന്നാം തീയതി ഉച്ചകഴിഞ്ഞാണ് ജോലിയില്‍ നിന്നും പുറത്താക്കി എന്നറിയിച്ചു കൊണ്ടുളള ഉത്തരവ് ലഭിക്കുന്നത്. സാധാരണ കൈക്കൂലി വാങ്ങുകയോ ജോലിയില്‍ എന്തെങ്കിലും പിഴവ് സംഭവിക്കുകയോ ചെയ്താലാണ് നടപടിയുണ്ടാകുന്നത്. പ്രമോഷന്‍ തടഞ്ഞുവെക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ആണ് ചെയ്യുക. എന്റെ കാര്യത്തില്‍ ജോലി സംബന്ധമായ യാതൊരു തെറ്റുകളും സംഭവിച്ചിട്ടില്ല. ഒരാളുടെ മൗലികാവകാശം ഉപയോഗിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.
ശബരിമലയില്‍ പോയതിന്റെ പേരില്‍ ചില കസ്റ്റമേഴ്‌സിന്റെ മതവികാരം വ്രണപ്പെട്ടു എന്നാണ് ബിഎസ്എന്‍എല്ലിന്റെ വിശദീകരണം. അന്ന് ശബരിമലയില്‍ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അറസ്റ്റ് ചെയ്തിരുന്നു. 18 ദിവസം ജയിലിലായിരുന്നു. സാധാരണ ആറ് മാസമാണ് സസ്‌പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ എന്റെ കാര്യത്തില്‍ ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയി. 18 മാസമായി സസ്‌പെന്‍ഷനിലായിരുന്നു. ജൂനിയര്‍ എഞ്ചിനീയര്‍ ആയിട്ടുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞു വച്ചു. പതിനഞ്ച് വര്‍ഷമായി ഞാന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ്. രഹ്ന പറയുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മല ചവിട്ടാനെത്തിയപ്പോഴാണ് രഹ്ന ഫാത്തിമ വിവാദത്തിലാകുന്നത്. പൊലീസ് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും പതിനെട്ടാം പടിക്ക് മുന്നിലെ നടപ്പന്തലില്‍ ഇവരെ തടഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇവര്‍ തിരികെ പോകുകയായിരുന്നു.